X

ഉപതെരഞ്ഞെടുപ്പ്: യുപിയില്‍ വീണ്ടും ബി.ജെ.പിക്ക് കനത്ത തോല്‍വി: ഞെട്ടലോടെ ബി.ജെ.പി നേതൃത്വം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം നിലവിലെ ബി.ജെ.പിയുടെ മണ്ഡലമായ കൈറാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മ്രിഗാംക സിങിനെ തബസ്സും ബീഗം(ആര്‍.എല്‍.ഡി) 43000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സംസ്ഥാനത്ത് നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വി പിണഞ്ഞ ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അഭിമാന പോരാട്ടമായിരുന്നു കൈറാനയില്‍. കഴിഞ്ഞ തവണ ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത മണ്ഡലത്തില്‍ വലിയ തോല്‍വി പിണഞ്ഞതോടെ ഞെട്ടലിലാണ് ബി.ജെ.പി നേതൃത്വം.

രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഉത്തര്‍പ്രദേശിലെ കൈറാന ലോക്‌സഭാ സീറ്റ്. സംസ്ഥാനത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ വീണ്ടും അണിനിരക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍  ബി.ജെ.പിക്കെതിരെ അണിനിരക്കാനുള്ള പ്രതിപക്ഷത്തിന്റെ കരുത്തേകുന്നതാണ് തബസ്സും ബീഗത്തിന്റെ വിജയം. അതേസമയം പ്രതിപക്ഷ ഐക്യം എങ്ങനെ മറികടാക്കാനാകുമെന്നാകും ബി.ജെ.പി നേരിടുന്ന വലിയ വെല്ലുവിളി.

ബി.ജെ.പി എം.പിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളായ ഗോരഖ്പുര്‍, ഫുല്‍പുര്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം മറികടക്കാന്‍ ബി.ജെ.പിക്ക് കൈരാനയില്‍ വിജയം അനിവാര്യമായിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ പല്‍ഘര്‍, ഭണ്ഡാര–ഗോണ്ടിയ ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്. കര്‍ണാടകത്തിലെ ആര്‍.ആര്‍ നഗറില്‍ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ജെ.ഡി.എസ് മൂന്നാമതാണ്. ബീഹാറിലെ ജോകിഹാടില്‍ ജെ.ഡിയുവിന് മുന്നേറ്റം. പഞ്ചാബിലെ ഷക്കോട്ടില്‍ കോണ്‍ഗ്രസ്സും പഷ്ചമി ബംഗാളിലെ മഹേഷ് തലയില്‍ കോണ്‍ഗ്രസ്സിനും മുന്നേറ്റമുണ്ട്. ഝാര്‍ഖണ്ഡിലെ സിലിയില്‍ എ.ജെ.എസ്.യു ലീഡ് ചെയ്യുന്നു. ഗോമിയയില്‍ ബി.ജെ.പിയാണ് മുന്നില്‍.

chandrika: