ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. വിശ്വാസവോട്ട് തേടാതെ രാജിവെക്കേണ്ടി വന്ന ബി.ജെ.പി, മതേതര സഖ്യം വിശ്വാസവോട്ട് തേടുന്നത് തടയാനായി ചില എം.എല്‍.എമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. ഇതോടെ, 23-ന് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും മന്ത്രിസഭാ രൂപീകരണം സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിനു ശേഷമായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങ് ദേശീയ തലത്തിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഒരുമിച്ചുകൂടലിന് വേദിയാകും. മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, തേജശ്വി യാദവ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞക്കെത്തും എന്നാണ് സൂചന. ചുമതലയേറ്റ ശേഷം 24 മണിക്കൂറിനുള്ളില്‍ – വ്യാഴാഴ്ച – കുമാരസ്വാമി വിശ്വാസവോട്ട് തേടും. ഇതിനു ശേഷം, വെള്ളിയാഴ്ചയായിരിക്കും മന്ത്രസഭാ രൂപീകരണം. കോണ്‍ഗ്രസും ജെ.ഡി.എസ്സും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച മാത്രമേ മന്ത്രിസഭ രൂപീകരിക്കൂ എന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. സത്യപ്രതിജ്ഞക്കു മുമ്പ് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി സ്വാധീനിക്കുന്നത് തടയാന്‍ ഡി.കെ ശിവകുമാറിന്റെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. ഓരോ പത്ത് എം.എല്‍.എമാരെയും ഒരു നേതാവിന്റെ കീഴിലാക്കിയിട്ടുണ്ട്. മുന്‍ ബി.ജെ.പി അംഗങ്ങളടക്കം കളംമാറാന്‍ സാധ്യതയുള്ള എം.എല്‍.എമാരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.