X
    Categories: MoreViews

വിഭാഗീയതയുടെ ഭൂതം പുറത്തുചാടി ബി.ജെ.പിയില്‍ ഇനി തമ്മിലടിയുടെ നാളുകള്‍

 

ബി.ജെ.പിയില്‍ കുടത്തിലടച്ചിരുന്ന വിഭാഗീയതയുടെ ഭൂതം കുടം പൊട്ടിച്ച് പുറത്തുചാടുന്നു. വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും തലപ്പത്തേക്ക് കുമ്മനത്തെ അനുകൂലിക്കുന്നവരെ നിയോഗിച്ചതാണ് പുതിയ പൊട്ടിത്തെറിക്ക് തിരികൊളുത്തിയിരിക്കുന്നത്. യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഒഴിവാക്കി പകരം എം.ടി രമേശിനെ നിയോഗിച്ചതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ആസ്ഥാനമുള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ചുമതലയുണ്ടായിരുന്ന കെ. സുരേന്ദ്രനെ വടക്കന്‍ മേഖലയിലേക്ക് മാറ്റി. ആര്‍ക്കും താല്‍പര്യമില്ലാതെ കിടന്ന കര്‍ഷക മോര്‍ച്ചയുടെ ചുമതലയാണ് സുരേന്ദ്രന് പുതുതായി നല്‍കിയത്.
യുവമോര്‍ച്ചക്കൊപ്പം മധ്യമേഖല, ഒ.ബി.സി. മോര്‍ച്ച എന്നിവയുടെ ചുമതല കുമ്മനത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ എം.ടി. രമേശിന് നല്‍കി. മെഡിക്കല്‍ കോഴ ആരോപണ വിധേയനായ ഒരു നേതാവിനെ സുപ്രധാന ചുമതലകള്‍ ഏല്‍പ്പിച്ച കുമ്മനത്തിന്റെ നിലപാടിന് എതിരെ ദേശീയ നേതൃത്വത്തോട് പരാതി പറയാനും വിമതവിഭാഗം ആലോചിക്കുന്നു. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന്റെ ചുമതലയും രമേശിനാണ്. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാക്കളായി നിയോഗിച്ച ഹരി എസ്. കര്‍ത്ത, ആര്‍. സന്ദീപ്, മോഹനചന്ദ്ര നായര്‍, ആനന്ദ് എസ്.നായര്‍ എന്നിവര്‍ക്കും കുമ്മനത്തോടാണ് അടുപ്പം. ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. രാധാകൃഷ്ണനാണ്. മഹിളാമോര്‍ച്ചയുടെ ചുമതല ശോഭാ സുരേന്ദ്രന് നല്‍കി. ജനരക്ഷായാത്രയ്ക്ക് മൂന്നുദിവസം മുമ്പ് പാര്‍ട്ടി ട്രഷറര്‍ പ്രതാപചന്ദ്രവര്‍മയെ മാറ്റി ശ്യാംകുമാറിനെ നിയമിച്ചതും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതോടെ പാര്‍ട്ടിയില്‍ കുമ്മനം ശക്തനായി മാറുകയാണ്. ഗ്രൂപ്പിന് അതീതനാണെന്ന കാരണത്താലാണ് കുമ്മനത്തെ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന്റെ തലപ്പത്തേക്ക് കൊണ്ടു വന്നത്. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിയാതെ ആദ്യഅങ്കത്തില്‍ അടിപതറിയ കുമ്മനം, ഗ്രൂപ്പിനെ ഗ്രൂപ്പ് കൊണ്ട് നേരിടാനുള്ള കരുക്കളാണ് നീക്കുന്നതെന്നാണ് സൂചന. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളും വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനവും കുമ്മനത്തിന് എതിരെ വിമതവിഭാഗം ആയുധമാക്കിയെങ്കിലും ഏശിയില്ല. ദേശീയനേതൃത്വത്തിന്റെ പിന്തുണയോടെ വിഭാഗീയതക്ക് കോപ്പു കൂട്ടുന്ന നേതാക്കളെ ഒതുക്കി മോദി ശൈലിയിലേക്ക് കുമ്മനം മാറുകയാണെന്നും ആക്ഷേപമുണ്ട്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിട്ടുള്ള ചാരന്‍മാരില്‍ നിന്നും ആരൊക്കെയാണ് വിഭാഗീയതക്ക് കോപ്പുകൂട്ടുന്നതെന്ന് ദേശീയനേതൃത്വം കൃത്യമായി അറിയുന്നുണ്ട്. ചുമതലകളില്‍ നിന്നുള്ള മാറ്റം ഇവര്‍ക്കുള്ള താക്കീതാണ്. തുടര്‍ന്നും ശരിയായില്ലെങ്കില്‍ ഈ നേതാക്കളെ രംഗത്ത് നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനഘടകത്തിലെ കലഹത്തെക്കുറിച്ചും പാര്‍ട്ടിയുടെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനെ കുറിച്ചും പാര്‍ട്ടി ദേശീയ നേതൃത്വം പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്ന അനുഭാവികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു.

chandrika: