X

ത്രിപുര: 1000 ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗര്‍ത്തല: ത്രിപുരയില്‍ 1000ല്‍ അധികം ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊവായി ജില്ലയില്‍ നിന്നും 300 ഐ.പി.എഫ്.ടി പ്രവര്‍ത്തകരും ദലായി ജില്ലയിലെ കമല്‍പൂരില്‍ നിന്നും 700 ല്‍ അധികം പേരുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ത്രിപുര പി.സി.സി അധ്യക്ഷന്‍ പ്രദ്യുത് കിഷോര്‍ ദേബ് ബര്‍മന്‍ പറഞ്ഞു. ആദിവാസി സംഘടനയായ ഐ.പി.എഫ്.ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യ കക്ഷിയായിരുന്നു. സംഘടനയുടെ നേതാക്കള്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ പറഞ്ഞു.
ഐ.പി.എഫ്.ടി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടെങ്കിലും പ്രചാരണം നടത്താതെ ബി.ജെ.പിയെ സഹായിക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
2018ല്‍ ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യുടെ സഹായത്തോടു കൂടിയാണ് 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരത്തിലെത്തിയത്. ഈ മാസം ആദ്യം ഐ.പി.എഫ്.ടി വൈസ് പ്രസിഡന്റ് അനന്ത ദേബ് ബര്‍മ, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ശുക്ലചരണ്‍ നവോട്ടിയ എന്നിവര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന വെസ്റ്റ് ത്രിപുര മണ്ഡലത്തിലെ 1679 ബൂത്തുകളില്‍ 151 എണ്ണം ബി.ജെ.പി പിടിച്ചെടുത്തതായി ആരോപിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

web desk 1: