X

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാണെങ്കില്‍ ബിജെപിയെ തറപറ്റിച്ച് ബിഎസ്പി അധികാരത്തില്‍ വരുമെന്നായിരുന്നു മായാവതി പറഞ്ഞത്.

2019ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നുവെങ്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തട്ടെ. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ ബിജെപി അധികാരത്തില്‍ വരില്ലെന്ന് തനിക്കുറപ്പാണ്- മാധ്യമങ്ങളോട് സംസാരിക്കവേ മായാവതി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റുവാങ്ങിയതിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മായാവതി രംഗത്തു വന്നിരുന്നു. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണ് ബിജെപി അധികാരത്തിലെത്തുന്നതെന്നായിരുന്നു മായാവതി ഉന്നയിച്ചിരുന്ന ആരോപണം. ഇതേ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാരും രംഗത്തു വന്നിരുന്നു.

എന്നാല്‍ അനാവശ്യമായ വോട്ടുബാങ്കിങ് കളിച്ചവരാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയതെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ വിമര്‍ശിച്ചു. മായാവതിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞതെന്നും ജാതി-മത ഭേദമന്യേ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: