X

യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയായി; കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് ബി.ജെ.പി സര്‍വേ

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കാവിക്കൊടി പാറിക്കാന്‍ സകല അടവുകളും പുറത്തെടുക്കുന്ന കര്‍ണാടകയില്‍ കാറ്റ് വിപരീതമെന്ന് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി സര്‍വേ വ്യക്തമാക്കുന്നത്. ത്രിപുരയില്‍ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലൂടെ അധികാരത്തിലെത്തിയ ബിജെപി വലിയ പ്രാധാന്യമാണ് കര്‍ണാടക തെരഞ്ഞടുപ്പിനും നല്‍കുന്നത് എന്നാല്‍ തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

224 അംഗ സഭയില്‍ 100 ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ലിംഗായത്തുകള്‍ക്ക് മത ന്യൂനപക്ഷ പദവി നല്‍കുന്നതിന് മുമ്പാണ് സര്‍വേ നടത്തിയത്. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കൂടി വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ വേണ്ടത്ര സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. ഇതിനെ മറികടക്കാന്‍ മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്താനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്തുവിലകൊടുത്തും കര്‍ണാടക പിടിയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി. ഇതിനായി നിരവധി ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ ക്യാംപയിന്‍ ചെയ്യുകയാണ്. കൂടാതെ സോഷ്യല്‍മീഡിയകളിലും വ്യാപകമായ പ്രചരണമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമാക്കി വിഷയം കേന്ദ്രത്തിന് വിട്ടത് മറികടക്കാന്‍ സമുദായ നേതാക്കളെ നേരിട്ട് കാണാന്‍ അമിത് ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന ഘടകം. ഇതിനു പുറമെ ഉത്തര കന്നഡ മേഖലയില്‍ കേന്ദ്ര മന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ഹിന്ദുത്വത്തിലൂന്നിയുള്ള പ്രചരണമാണ് നടത്തുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് തീവ്ര ഹിന്ദുത്വ പ്രചാരണം നടത്താനായിരുന്നു ബി.ജെ.പി ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നതെങ്കിലും ഗോരക്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയോടെ യോഗിയെ കര്‍ണാടകയിലേക്ക് കൂടുതല്‍ കൊണ്ടു വരേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഒരിക്കല്‍ കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായിരുന്ന സിദ്ധരാമയ്യയാണ് കര്‍ണാകടയില്‍ ബി.ജെ.പിക്ക് തിരിച്ചുവരവിന് കഴിയാത്ത സ്ഥിതിയിലേക്ക് മാറ്റുന്നതിന് പിന്നിലെ പ്രധാന കാരണമെന്നും ബി.ജെ.പി നേതൃത്വം പറയുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സിദ്ധരാമയ്യക്കുള്ള സ്വീകാര്യത യെദ്യൂരപ്പയെ പോലുള്ള നേതാക്കള്‍ക്കു ലഭിക്കാത്തതും ബി.ജെ.പിയെ കുഴക്കുന്നുണ്ട്.

chandrika: