X

മുസ്‌ലിം വിരുദ്ധ പ്രതിച്ഛായ ബി.ജെ.പി മാറ്റണം അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടും, മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി മുസ്‌ലിം- ദളിത് വിരുദ്ധ പ്രതിച്ഛായ മാറ്റണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. ഇതിനു കഴിഞ്ഞില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ വോട്ടിനെ സാരമായി ബാധിക്കുമെന്നും പാസ്വാന്‍ മുന്നറിയിപ്പ് നല്‍കി.

2014ല്‍ പ്രതിപക്ഷത്തെ തകര്‍ത്ത് ബിജെപി മിന്നും വിജയമാണ് നേടിയത്. എന്നാല്‍ തുടര്‍ന്ന് വന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ കൈകോര്‍ത്തത് വലിയ തിരിച്ചടിയായി. എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ നിലകൊളളുന്നത്. ന്യൂനപക്ഷങ്ങളുടെ വികസനത്തിനും നിരവധി കാര്യങ്ങളാണ് ഈ സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ വരേണ്യ വര്‍ഗത്തിന്റെ ഒപ്പമാണ് പാര്‍ട്ടി എന്ന പ്രതീതിയാണ് ബിജെപിക്കുള്ളത്. മുസ്‌ലീം, ദളിത് വിരുദ്ധ പ്രതിച്ഛായ മാറ്റാന്‍ ബിജെപി തീവ്ര ശ്രമം നടത്തണം. അല്ലാത്തപക്ഷം പൊതുതെരഞ്ഞെടുപ്പിലെ വോട്ടിനെ ഇതുസാരമായി ബാധിക്കും. പാസ്വാന്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബിഹാറില്‍ നിന്നുള്ള എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി(എല്‍.ജെ.പി) നേതാവാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍.

chandrika: