പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
അഗ്നിവീർ, കർഷകരുടെ പ്രശ്‌നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതാണെങ്കിലും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ തുറന്നടിച്ചു.
രാഹുലിന്റെ പ്രസംഗം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് വിഷയം വർഗീയവൽക്കരിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം സഭാ രേഖകളിൽനിന്ന് നീക്കുകയും ചെയ്തു.