X

ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ച് ബി.ജെ.പി; നിരാശരായി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും

ബംഗളൂരു; അപ്രതീക്ഷിത രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യത്തിന് കര്‍ണാടകയില്‍ രൂപംകൊണ്ടതോടെ ബി.ജെ.പിയില്‍ ആശങ്ക. കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ഭരണം ഉറപ്പിച്ച സാഹചര്യത്തില്‍ ബി.ജെ.പി ക്യാമ്പുകളില്‍ ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു. നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചത്. പാര്‍ട്ടി നേതാക്കളും അണികളും ഒരുപോലെ നിരാശയിലാണ്.

ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെയും പ്ലക്കാര്‍ഡുകള്‍ ഏന്തിയും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ബി.ജെ.പി ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തതോടെ ബി.ജെ.പി ക്യാമ്പുകളെ കനത്ത നിരാശയിലാക്കി.

മതേതര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം അതിന് പ്രാപ്തമാണെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തന്നെ നേരിട്ട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെഹ്‌ലോട്ട് എന്നിവരും ജനതാദള്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. 2006-2007 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി കുമാരസ്വാമി നിലവില്‍ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റാണ്.

chandrika: