കേരളത്തിനെതിരെ ബി.ജെ.പി ദേശീയ നേതാക്കള്‍ തുടരെത്തുടരെ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും അങ്കലാപ്പ്. ദേശീയ നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയും പരാതിയും സംസ്ഥാന നേതാക്കള്‍ക്കുള്ളതായാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം നോക്കാതെയാണ് നേതാക്കള്‍ പ്രസ്താവനകളിറക്കുന്നത്. ഇത് മൂലം കനത്ത പ്രകോപങ്ങളുണ്ടായാല്‍ സംരക്ഷിക്കാന്‍ കേന്ദ്രം എത്തുമോ എന്ന ചോദ്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. അടിക്കിടെ നടത്തുന്ന കേരളവിദ്വേഷ പരാമര്‍ശങ്ങളും, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും പാര്‍ട്ടിക്ക് കേരളത്തില്‍ കൂടുതല്‍ ക്ഷീണമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ പോലെയുള്ള രാഷ്ട്രീയ സംഘര്‍ഷമേഖലകളില്‍ കൂടുതലായും ഇത് പ്രതിഫലിക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്. ദേശീയ നേതാക്കളെല്ലാം കേരളത്തിലെത്തിയിട്ടും വേങ്ങരയില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണം സംസ്ഥാന നേതൃത്വത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടിരൂപ പ്രഖ്യാപിച്ച ആര്‍.എസ്.എസ് പ്രമുഖ് ചന്ദന്‍ കുന്ദാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന മനോഹര്‍ പരീക്കറിന്റെ പരാമര്‍ശവും, സി.പി.എം നേതാക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കണമെന്ന ബി.ജെപി നേതാവ് സരോജ് പാണ്ഡയുടെ പരാമര്‍ശവും ഈയടുത്താണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് ചുട്ടമറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറികൊടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.