X

കര്‍ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പി ചെലവഴിച്ചത് 6500 കോടി രൂപ; എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ പാര്‍ട്ടി നീക്കിയത് കോടികള്‍

ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വം കര്‍ണാടക തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 6500 കോടി രൂപയെന്ന് കോണ്‍ഗ്രസ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ബി.ജെ.പി കോടികള്‍ വകയിരുത്തിയതായാണ് വിവരം.

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ 4000 കോടി രൂപ വകയിരുത്തിയതായി കോണ്‍ഗ്രസ് നേതൃത്വം കണക്കുകളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. പണവും കൈക്കരുത്തും ഉപയോഗിച്ച് ബി.ജെ.പി കര്‍ണാടക പിടിച്ചെടുക്കാന്‍ ആവുന്ന നീക്കങ്ങളെല്ലാം നടത്തിയെന്ന്് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിനായി അവര്‍ 6500 കോടി രൂപയാണ് ചെലവഴിച്ചത്. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ 4000 കോടി രൂപയും വകയിരുത്തി. തെരഞ്ഞെടുപ്പ് നേരിടാന്‍ ഓരോ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി 20 കോടി രൂപയും നല്‍കിയിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങളിലെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. 222 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി 20 കോടി ചെലവഴിച്ചാല്‍ 4500 കോടി രൂപയാകും.

ഇത്രയും വലിയ തുക വെച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനു അനുകൂലമായ വിധി തന്നെയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്നും ബി.ജെ.പിയേക്കാള്‍ ഉയര്‍ന്ന വോട്ടിങ് ഷെയര്‍ കോണ്‍ഗ്രസിനാണെന്നും ശര്‍മ്മ പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു ഭരണഘടനയോട് യാതൊരു ബഹുമാനവുമില്ല. ഭരണഘടനയെക്കുറിച്ച് അറിവുണ്ടെങ്കിലും അതിനെ ബഹുമാനിക്കാന്‍ അമിത്ഷാ തയാറാവുന്നില്ലെന്നും ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി, ബി.ജെ.പി അവര്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് വിഘാതമുണ്ടാക്കി എം.എല്‍.എമാര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി പോലും നിഷേധിച്ചു. കര്‍ണാടകം ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ അവര്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി.

chandrika: