X

മെറ്റയില്‍ ഒരാഴ്ച പരസ്യത്തിനായി ബിജെപി ചെലവിട്ടത് 23 ലക്ഷം രൂപ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് ബിജെപി. മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മെറ്റ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാക്കാത്ത 7 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി 85 ലക്ഷം രൂപയുമാണ് ചിലവിട്ടത്.

മീമുകളായും എഡിറ്റഡ് വിഡിയോകളായും ഉള്ളടക്കം പങ്കുവെക്കുന്ന പ്രമുഖ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെ ബിജെപി പ്രചരണത്തിനായി കൂട്ടുപിടിച്ചെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ 20 പ്രമുഖ രാഷ്ട്രീയ പരസ്യദാതാക്കള്‍ 1.38 കോടി രൂപയാണ് മെറ്റ പ്ലാറ്റ്ഫോമില്‍ ചെലവിട്ടത്.

രാഷ്ട്രീയ മീമുകള്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്ന മീമ് എക്സ്പ്രസ് ബിജെപി അനുകൂല പ്രചാരണത്തിനായി മെറ്റയില്‍ ചെലവഴിച്ചത് 28 ലക്ഷം രൂപയാണ്. പശ്ചിമ ബംഗാളിലെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവര്‍ കൂടുതലും ഉള്ളടക്കം പ്രചരിപ്പിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെ എഡിറ്റ് ചെയ്ത വിഡിയോ പങ്കുവച്ച ‘മുഡ്ഡേക്കി ബാത്’ എന്ന അക്കൗണ്ട് 20 ലക്ഷമാണ് ബിജെപി അനുകൂല രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രാഹുലിനെതിരായ പരസ്യത്തിന് മാത്രം 4 ലക്ഷമാണ് ഈ പേജ് ചെലവഴിച്ചതെന്നാണ് വിവരം. ഈ പേജുകള്‍ കൂടാതെ സിദ്ധ കഷ്മ, അമര്‍ സോനര്‍ ബംഗള, തമിലകം, പൊളിറ്റിക്കല്‍ എക്സറേ, ഭാരത് ടോഡോ ഗാങ് എന്നി പേജുകളും ബിജെപി അനുകൂല പ്രചാരകരായി മാറി ലക്ഷങ്ങള്‍ ചെലവഴിച്ചു. പ്രശ്നമുള്ള ഉള്ളടക്കമായിട്ടും മെറ്റ ഇവ നീക്കം ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇത്തരം പേജുകള്‍ മീമുകള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളിലൂടെ പാര്‍ട്ടി പ്രചരണമാണ് ലക്ഷ്യമെന്ന് തോന്നിക്കാത്ത വിധം തെറ്റിദ്ധാരണ കലര്‍ന്ന വിവരങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പേജുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂല ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പ്രതിപക്ഷ നേതാക്കളെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെ ലക്ഷ്യം വയ്ക്കുന്ന ഉള്ളടക്കമാണ് ഇത്തരത്തില്‍ പങ്കുവച്ചതെന്നാണ് കണ്ടെത്തല്‍.

ബിജെപി സ്വയം ചെലവിട്ടതിന് പുറമെ ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ബിജെപിയും അതിന്റെ അനുബന്ധ സംഘടനകളും ഈ കാലയളവില്‍ പരസ്യ ചെലവുകള്‍ക്കായി 9 ലക്ഷം രൂപ അനുവദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിനായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

webdesk13: