ന്യൂഡല്‍ഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് നല്‍കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. ബീഫ് നിരോധനത്തെക്കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. മലപ്പുറത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പ് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാന്‍ പാര്‍ട്ടിക്ക് ചങ്കൂറ്റമുണ്ടോയെന്നാണ് ശിവസേനയുടെ ചോദ്യം. ബീഫ് വിഷയത്തില്‍ മോദിയുടെ ബിജെപിക്ക് ഇരട്ടത്താപ്പ് നയമാണുള്ളതെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ ലാഭത്തിനു വേണ്ടി വ്യത്യസ്ത നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സാമ്‌നയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിക്കിടെയാണ് ശ്രീപ്രകാശ് ബീഫ് നിരോധനത്തില്‍ പാര്‍ട്ടിയുടെ ദേശീയ നിലപാടിന് വിരുദ്ധമായി പ്രതികരിച്ചത്. വിജയിച്ചാല്‍ ഗുണമേന്മയുള്ള ബീഫ് നല്‍കാമെന്നും ഉയര്‍ന്ന നിലവാരമുള്ള ബീഫ് കടകള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കാമെന്നുമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് ഗുരുതരമായ കുറ്റമെന്നും പല സംസ്ഥാനങ്ങളിലും ചത്ത പശുക്കളുടെ മാംസം പോലും ഭക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശ്രീപ്രകാശ് പറഞ്ഞത്. ഗോവധത്തിനും ബീഫിനുമെതിരെ ദേശീയ തലത്തില്‍ ബിജെപി നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ശ്രീപ്രകാശിന്റെ ബീഫ് വാഗ്ദാനം.