X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് മുസ്‌ലിംങ്ങളില്ല; മഹാരാഷ്ട്രയില്‍ നിന്നും 250പേരെ ഇറക്കി ബി.ജെ.പി

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പി പ്രചാരണത്തിന് മുസ്‌ലിംങ്ങളുടെ ക്ഷാമം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി മഹാരാഷ്ട്രയില്‍ നിന്നും മുസ്‌ലിംങ്ങളെ ഇറക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ പരാജയഭീതിയിലാണ് ബി.ജെ.പി.

ഗുജറാത്തിലേക്ക് 250 പേരടങ്ങുന്ന മുസ്‌ലിം സംഘത്തെയാണ് പ്രചരണത്തിന് ഇറക്കുന്നത്. ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ വഴിയാണ് ഗുജറാത്തിലേക്കുള്ള ആളുകളെ ഇറക്കി കൊടുക്കുന്നതെന്നാണ് വിവരം. നവംബര്‍ 4,5 ദിവസങ്ങളില്‍ ആദ്യ സംഘം ഗുജറാത്തിലേക്ക് യാത്രതിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1980ന് ശേഷം ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് (1998) ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇറക്കിയിട്ടുള്ളത്. ഇയാള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഡിസംബര്‍ 9,4തിയ്യതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18ന് പുറത്തുവരും. ഇതുവരെ മുസ്‌ലിംങ്ങള്‍ ബി.ജെ.പിയെ നിശബ്ദമായാണ് പിന്തുണച്ച് കൊണ്ടിരുന്നതെന്ന് മൈനോറിറ്റി മോര്‍ച്ച പ്രസിഡന്റ് വസീംഖാന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ പിന്തുണ തുറന്നു പറയാന്‍ ആവശ്യപ്പെടുകയാണെന്ന് വസീംഖാന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: