X

‘ഉപവാസത്തിനിടക്ക് ഭക്ഷണം കഴിക്കുന്നത് ക്യാമറക്കുള്ളില്‍ പെട്ട് ചീത്തപേരുണ്ടാക്കരുത്’; പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഉപവാസ സമരത്തിന് ഇറങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി പാര്‍ട്ടി നേതൃത്വം. പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായിട്ടാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ബി.ജെ.പി എം.പിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത്. ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപേരും സൃഷ്ടിക്കരുതെന്നും ഡല്‍ഹിയില്‍ ബി.ജെ.പി എം.പി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉപവാസ സമരത്തില്‍ പ്രവര്‍ത്തകരും നേതാക്കളും വളരെ ജാഗ്രത പുലര്‍ത്തണണെമെന്നും പ്രതിപക്ഷ കക്ഷികള്‍ക്ക് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു തരത്തിലുള്ള അവസരങ്ങളും നല്‍കരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

chandrika: