X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.

സര്‍വ്വേപ്രകാരം ഗുജറാത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നാണ് പറയുന്നത്. 113-മുതല്‍ 121സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമ്പോള്‍ 58-64സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിക്കുക. എന്നാല്‍ ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും ബി.ജെ.പി താഴോട്ടുപോയതായാണ് റിപ്പോര്‍ട്ട്. ആദ്യതവണ നടത്തിയ സര്‍വ്വേയില്‍ 59ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നുപ്രവചനം. എന്നാല്‍ പുതിയ സര്‍വ്വേ പ്രകാരം അത് 47ശതമാനമായിമാറി. കോണ്‍ഗ്രസ്സിന് 41ശതമാനം വോട്ടും ലഭിക്കുവെന്നും സര്‍വ്വേ പ്രവചിക്കുന്നു.

സൗരാഷ്ട്ര കച്ച്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ അവിടെ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും 42% വോട്ടുനേടാന്‍ കഴിയും. ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് 49% വോട്ടുകള്‍ നേടും. ബി.ജെ.പിയുടെ വോട്ടുഷെയര്‍ 44% ആയി കുറയുമെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്നാണ് ശിവസേനയുടെ നിലപാട്. പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചു. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടി സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സൂററ്റ് മുതല്‍ അഹമ്മദാബാദ് വരെയുള്ള മണ്ഡലങ്ങളില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് ഗുജറാത്ത് വിംഗ് കോര്‍ഡിനേറ്റര്‍ രാജുല്‍ പട്ടേല്‍ പറഞ്ഞു. രാജ്‌കോട്ടിലുള്‍പ്പെടെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം നില്‍ക്കുമോ എന്നത് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ അന്തിമതീരുമാനത്തിനനുസരിച്ചാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ബി.ജെ.പിയുമായി അകന്ന ശിവസേന നേതാവ് താക്കറെ എന്‍.സി.പി നേതാവ് ശരത് പവാറുമായും മമതബാനര്‍ജിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിസംബര്‍ ഒന്‍പതിനും പതിനാലിനുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്.

chandrika: