ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് വധത്തെ ആര്‍എസ്എസ്സുമായി ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ മാപ്പു പറയണമെന്ന് ബിജെപി കര്‍ണാടക ഘടകം. ഗൗരി ലങ്കേഷ് വധത്തെ ആര്‍എസ്എസ്സുമായി ബന്ധപ്പെടുത്തി ഗുഹ നടത്തിയ പ്രസ്താവനക്കെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നു ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നുമാണ് നോട്ടിസിലെ ആവശ്യം.
രാമചന്ദ്ര ഗുഹ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയാന്‍ കൂട്ടാക്കാത്ത പക്ഷം, നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി. ഗുഹയെ മാത്രമല്ല, ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ ഇത്തരം അനാവശ്യ പ്രസ്താവനകള്‍ നടത്തുന്ന എല്ലാവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി വക്താവ് അശ്വന്ത് നാരായണ അറിയിച്ചു. ഇവര്‍ക്കെതിരെയെല്ലാം നിയമനടപടി സ്വീകരിക്കുമെന്ന് നാരായണ മുന്നറിയിപ്പു നല്‍കി.
എന്നാല്‍ ഇത്തരം നോട്ടിസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്ന് ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇന്നത്തെ ഇന്ത്യയില്‍, സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം കുറിച്ചു. എങ്കിലും തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.