X
    Categories: indiaNews

നടി രാഗിണി ദ്വിവേദി ബിജെപിയുടെ താരപ്രചാരക; കൈ കഴുകി രക്ഷപ്പെടാന്‍ പാര്‍ട്ടി ശ്രമം

ബെംഗളൂരു: മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാംപയിനര്‍. കര്‍ണാടക ഉപതെരഞ്ഞെടുപ്പിലാണ് ഇവര്‍ ബി.ജെ.പിക്കായി വോട്ടു ചോദിച്ച് പ്രചാരണ ഗോദയിലിറങ്ങിയത്. എന്നാല്‍ സ്വയം സന്നദ്ധയായാണ് നടി പ്രചാരണത്തിന് ഇറങ്ങിയതെന്നും തങ്ങള്‍ പറഞ്ഞിട്ടല്ലെന്നും ബിജെപി അവകാശപ്പെടുന്നു.

നൂറു കണക്കിന് സെലിബ്രിറ്റികള്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങാറുണ്ട്. അതില്‍പ്പെട്ട ഒരാള്‍ മാത്രമാണ് രാഗിണി- ബി.ജെ.പി വക്താവ് ഗണേഷ് കാര്‍ണിക് പറഞ്ഞു. ഇവര്‍ക്ക് ബിജെപി അംഗത്വമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസ്, ജെ.ഡി.എസ്. സര്‍ക്കാറിനെ അട്ടിമറിച്ച 17 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ താരപ്രചാരകയായിരുന്നു മയക്കുമരുന്ന് കേസില്‍ പ്രതിയായ നടി രാഗിണി ദ്വിവേദി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബിവൈ. വിജയേന്ദ്രയോടൊപ്പം പ്രചാരണരംഗത്ത് രാഗിണി മുഴുവന്‍സമയവുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും മറ്റും ഇപ്പോള്‍ സോഷ്യല്‍മീഡിയോയില്‍ സജീവമാണ്.

കര്‍ണാടക മുഖ്യമന്ത്രി യഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ വിജയേന്ദ്രയോടൊപ്പം നടി വോട്ട് ചോദിച്ചെത്തുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ രാഗിണി ദ്വിവേദി പാര്‍ട്ടി നേതാവല്ലെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കുന്നു.

അതേസമയം, നടി രാഗിണി ദ്വിവേദി കര്‍ണാടക സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സമ്മര്‍ദംചെലുത്തിയതായി കണ്ടെത്തി. ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തിനായി രാഗിണി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെയും ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിനെയും കണ്ടിരുന്നു. എന്നാല്‍ കോവിഡ് പരന്നതിനെത്തുടര്‍ന്ന് ഇതില്‍ തുടര്‍നടപടി സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയായിരുന്നു.

ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ രാഷ്ട്രീയസമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് കേസില്‍ ഒന്നാം പ്രതി. നടി രാഗിണി രണ്ടാം പ്രതിയാണ്. കന്നഡ സിനിമാ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. സിനിമാ മേഖലയിലെ പ്രമുഖരടക്കം 12 പേരെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍. നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയിലുണ്ട്. അന്തരിച്ച മുന്‍മന്ത്രിയും ജെ.ഡി.എസ്. നേതാവുമായിരുന്ന ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. ജീവരാജിന്റെ മകളെയാണ് വിവേക് ഒബ്‌റോയ് വിവാഹംചെയ്തത്. ആദിത്യയുടെ അമ്മ നന്ദിനി ആല്‍വ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി വിവേക് ഒബ്റോയ് എത്തിയിരുന്നു.

കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. നടി സഞ്ജന ഗല്‍റാണിയെ തിങ്കളാഴ്ച ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

chandrika: