ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ഭരണ വിരുദ്ധ വികാരത്തെത്തുടര്‍ന്നുണ്ടായ തുടര്‍ച്ചയായ പരാജയത്തില്‍ ബി.ജെ.പിക്ക് നഷ്ടമായത് എട്ട് സീറ്റുകള്‍. നാലു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എട്ടു സീറ്റുകള്‍ നഷ്ടമായി ബി.ജെ.പി അംഗബലം 274 ആയി ചുരുങ്ങി.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെയും ഫുല്‍പുരിലെയും സീറ്റുകള്‍ കൂടി നഷ്ടമായതോടെയാണ് 543 അംഗ ലോക്‌സഭയില്‍ 274 സീറ്റുകളായി കുറഞ്ഞത്. നിലവില്‍ രണ്ടു സീറ്റുകളുടെ ഭൂരിപക്ഷം മാത്രമാണ് സഭയില്‍ ബി.ജെ.പിക്കുള്ളത്. സീറ്റുകളുടെ എണ്ണം കുറഞ്ഞത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്ന ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
യോഗിയുടെ സ്വന്തം മണ്ഡലമായ ഖൊരക്പൂരിലും ഫുല്‍പൂരിലുമായി രണ്ട് സീറ്റു നേടിയതോടെ എസ്.പിയുടെ ലോക്‌സഭയിലെ അംഗബലം അഞ്ചില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തി. അതേസമയം, അരാരിയയിലെ ജയം സിറ്റിങ് സീറ്റില്‍ ആയതിനാല്‍ ആര്‍.ജെ.ഡിയുടെ ലോക്‌സഭാ സീറ്റിന്റെ എണ്ണത്തില്‍ മാറ്റം വന്നിട്ടില്ല. നിലവില്‍ ലോക്‌സഭയില്‍ ഏഴു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഈ വര്‍ഷം നടന്ന ആറു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഒരെണ്ണത്തില്‍ പോലും ബി.ജെ.പിക്ക് വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ നാലെണ്ണം 2014ല്‍ ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളാണ്. ഉത്തര്‍പ്രദേശിന് പുറമെ രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ബി.ജെ.പി തിരിച്ചടി നേരിട്ടത്.
രാജസ്ഥാനിലെ അജ്മീര്‍, ആള്‍വാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലൂടെ ബി.ജെ.പി ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് തുടക്കമിട്ടത്. മുന്‍ നടനും ബി.ജെ.പി എം.പിയുമായിരുന്ന വിനോദ്ഖന്നയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചത് 2017ലെ വലിയ തിരിച്ചടിയായാണ് നേതൃത്വം കണക്കാക്കുന്നത്.