ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ബി.ജെ.പി നേതൃത്വം പതിവുപോലെ അവസാന അടവ് പുറത്തെടുക്കുന്നു. പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണ്ടിയാണ് റഫാല്‍ യുദ്ധവിമാനം വാങ്ങിയതെന്ന് ബി.ജെ.പി വക്താവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു.
കരാറിനെ ചോദ്യം ചെയ്തുകൊണ്ട് പാക്കിസ്ഥാന്റെ കയ്യില്‍ ആയുധം കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാറിനേയും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ പറയുന്ന അതേ ഭാഷയിലാണ് കൊണ്‍ഗ്രസും സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ യു.എന്‍ പ്രസംഗത്തെ ശശി തരൂര്‍ വിമര്‍ശിച്ചത് കോണ്‍ഗ്രസ് പാക്കിസ്ഥാനെ പിന്തുണക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ലക്ഷ്യമിട്ടാണ് സുഷമ സ്വരാജ് പാക്കിസ്ഥാനെതിരെ സംസാരിച്ചതെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.