തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോളജ് കുംഭകോണം തുറന്നു കാട്ടി നിയമസഭ. കേന്ദ്രഭരണത്തിന്റെ മറവില്‍ വന്‍ അഴിമതികളാണ് സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് ചോദ്യോത്തരവേളയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തരബന്ധമുള്ള അഴിമതിക്കേസിലെ മുഴുവന്‍ കണ്ണികളേയും കണ്ടെത്തുന്നതിന് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. അതെസമയം, മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് വിജലന്‍സ് നടത്തുന്ന അന്വേഷണം ശക്തമായി മുന്നോട്ടു പോകുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ബി.ജെ.പി-സി.പി.എം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെയാണു നിയമസഭ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യം വിളികളോടെയുമാണു പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചത്. പിന്നീടു ചോദ്യോത്തര വേളയില്‍ മുസ്ലിംലീഗ് അംഗങ്ങളാണ് മെഡിക്കല്‍ കോഴ വിഷയം ഉന്നയിച്ചത്.
അതീവ ഗുരുതര സ്വഭാവമുള്ള അഴിമതിക്കഥയാണ് പുറത്തുവന്നിരിക്കുന്നതെന്നും ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെഡിക്കല്‍ കോളേജുകളുടെ ഗുണനിലവാരം പരിശോധിച്ച് അവക്ക് അംഗീകാരം നല്‍കുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പോലുള്ള ഒരു ഉന്നത സ്ഥാപനത്തെ കോഴപ്പണം നല്‍കി സ്വാധീനിക്കുക എന്നത് അഴിമതി മാത്രമല്ല കടുത്ത രാജ്യദ്രോഹക്കുറ്റമായി കാണേണ്ടതാണെന്നും പാറക്കല്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെമ്പാടും എഴുപതിലധികം കോളജുകള്‍ക്ക് അനുമതി നല്‍കുക വഴി ആയിരം കോടിയുടെ അഴിമതിയാണ് ബി.ജെ.പിക്കാര്‍ നടത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം കൊണ്ട് മാത്രം രാജ്യാന്തരബന്ധമുള്ള അഴിമതിക്കേസിലെ മുഴുവന്‍ കണ്ണികളേയും കണ്ടെത്താനാകില്ലെന്ന് എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ പറഞ്ഞു. ബി.ജെ.പിയുടെ വികൃതമുഖം വീണ്ടും വികൃതമായിരിക്കുകയാണെന്ന് എന്‍. ഷംസുദീന്‍ പറഞ്ഞു. അഴിമതിയില്‍ മുഖം വികൃതമായ ബി.ജെ.പിക്കാര്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടുകയാണ്. തിരുവനന്തപുരത്ത് നടന്ന അക്രമം ഇതിന്റെ ഭാഗമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്തെ പല ബി.ജെ.പി നേതാക്കള്‍ക്കും കഴിഞ്ഞ കുറച്ചുകാലങ്ങളായി അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു. കള്ളനോട്ട്, ഹവാല, തുടങ്ങിയവയാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും സ്വരാജ് പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബി.ജെ.പിയുടെ അഴിമതി കഥ അക്കമിട്ട് സഭയില്‍ നിരത്തുമ്പോള്‍, ബി.ജെ.പിയുടെ ഏക അംഗമായ ഒ രാജഗോപാല്‍ എല്ലാം കേട്ട് നിശബ്ദനായി സഭയില്‍ ഉണ്ടായിരുന്നു.
ബി.ജെ.പിയുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടി നിയമസഭ
Tags: BJPCORRUPTION