കൊല്‍ക്കത്ത: ബിജെപി സംസ്ഥാനത്ത് വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ തോല്‍പ്പിക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ ഹിന്ദുക്കളല്ല എന്നും അവര്‍ വിദ്വേഷം മാത്രമാണ് പരത്തുന്നതെന്നും മമത കുറ്റപ്പെടുത്തി.
‘വടക്കന്‍ ബംഗാളിലെ ജനങ്ങള്‍ക്കു വേണ്ടി ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും അവിടെ നിന്ന് ഒരു സീറ്റു പോലും നമുക്ക് ജയിക്കാനായിട്ടില്ല. എന്തു കൊണ്ടാണത്? പുറത്തു നിന്നു വന്ന ബിജെപി എന്തു കൊണ്ടാണ് അവിടത്തെ എല്ലാ സീറ്റും ജയിക്കുന്നത്.? പത്തു വര്‍ഷമായി നമുക്ക് അവിടെയുള്ള പിഴവെന്താണ്? നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ബിജെപിയും ആര്‍എസ്എസും ബംഗാളിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല. അവര്‍ രാമകൃഷ്ണനോ വിവേകാനന്ദനോ അല്ല. അവര്‍ വിദ്വേഷം മാത്രമാണ് പ്രചരിപ്പിക്കുന്നത്’ –
ജല്‍പൈഗുരി ജില്ലയിലെ റാലിയില്‍ സംസാരിക്കവെ മമത
അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അവര്‍ ജില്ലാ നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. ജല്‍പൈഗുരി, അലിപുര്‍ദ്വാര്‍ ജില്ലകളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ദേശീയ ഗാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലും അവര്‍ പ്രതികരിച്ചു. ‘നമ്മുടെ ദേശീയ ഗാനം മാറ്റിയാല്‍ ബംഗാള്‍ ഉചിതമായ മറുപടി തന്നെ നല്‍കും. അവര്‍ നമ്മുടെ ചരിത്രം മാറ്റിമറിച്ചു. ഇപ്പോള്‍ നമ്മുടെ ദേശീയ ഗാനവും മാറ്റാനുള്ള ശ്രമത്തിലാണ്’ – മമത കുറ്റപ്പെടുത്തി.
പൗരത്വ ഭേഗദതി നിയമത്തില്‍ ഭയം വേണ്ടെന്നും അഭയാര്‍ത്ഥികളുടെ കോളനികള്‍ സര്‍ക്കാര്‍ നിയമവിധേയമാക്കി എന്നും മമത വ്യക്തമാക്കി.
ബംഗാളില്‍ അധികാരത്തില്‍ ഇരുന്നിട്ടും തൃണമൂല്‍ കോണ്‍ഗ്രസിന് കടന്നു കയറാന്‍ പറ്റാത്ത മേഖലയാണ് വടക്കന്‍ ബംഗാള്‍. ഇവിടത്തെ എട്ടു ലോക്‌സഭാ സീറ്റില്‍ ഏഴിടത്തും ജയിച്ചത് ബിജെപിയാണ്. ഒരിടത്ത് കോണ്‍ഗ്രസ് ജയിച്ചു. കൂച്ച് ബെഹാര്‍, അലിപുര്‍ദ്വാര്‍, ജല്‍പൈഗുരി, ഡാര്‍ജിലിങ്, റായ്ഗഞ്ച്, ബേലൂര്‍ഘട്ട്, നോര്‍ത്ത്മാള്‍ഡ എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്. സൗത്ത് മാള്‍ഡയില്‍ കോണ്‍ഗ്രസും.