ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകള്‍ മുമ്പില്‍ കണ്ട് സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി ബിജെപി. പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, മണിപ്പൂര്‍ കേരളം, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനാ സംവിധാനങ്ങളിലാണ് മാറ്റങ്ങള്‍. ഇവിടങ്ങളില്‍ എല്ലാം സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരെ (പ്രഭാരി) നിയോഗിച്ചു. അമിത് ഷായോട് അടുപ്പമുള്ള ചില നേതാക്കള്‍ക്ക് പ്രസിഡണ്ട് ജെപി നദ്ദ പ്രഖ്യാപിച്ച അഴിച്ചുപണിയില്‍ അവസരം കിട്ടിയില്ല എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് കൈലാഷ് വിജയവാര്‍ഗിയയ്‌ക്കൊപ്പം പശ്ചിമബംഗാളിന്റെ ചുമതല നല്‍കി. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണ്. ബംഗാള്‍. ഏതുവിധേയനും സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുക എന്ന തീരുമാനത്തിലാണ് ബിജെപി. ഈയിടെ സംസ്ഥാനത്ത് പാര്‍ട്ടി പുനഃസംഘടിപ്പിച്ചിരുന്നു. ഇതില്‍ അസ്വസ്ഥരായ മുതിര്‍ന്ന നേതാക്കളെ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുനയിപ്പിച്ചിരുന്നു.
ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന ഭൂപേന്ദര്‍ യാദവിന് ഗുജറാത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. അമിത്ഷായുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന മുരളീധര്‍ റാവുവിനെ മധ്യപ്രദേശിന്റെ ചുമതല നല്‍കി. എന്നാല്‍ അനില്‍ ജയ്ന്‍, സരോജ് പാണ്ഡെ തുടങ്ങിയ ടീം അമിത്ഷായിലെ അംഗങ്ങള്‍ക്ക് ഒരു സംസ്ഥാനത്തിന്റെയും ചുമതല നല്‍കിയിട്ടില്ല.
മണിപ്പൂരിന്റെയും ജമ്മു ക്ശ്മീരിന്റെയും ചുമതലയുണ്ടായിരുന്ന രാം മാധവിനും ഒരു സംസ്ഥാനത്തിന്റെ ചുമതലയില്ല. ബിജെപി വക്താവ് സംപീത് പത്രയാണ് മണിപ്പൂരിന്റെ ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ ബൈജയന്ത് ജെയ് പാണ്ടയ്ക്കാണ് ചുമതല.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ എംപി സിപി രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല. കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രാപ്രദേശിന്റെ ചുമതല നല്‍കി. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതലയാണ്. തെലങ്കാനയുടെ ചുമതല വഹിച്ചിരുന്ന പികെ കൃഷ്ണദാസ് പുതിയ പട്ടികയില്‍ ഇടംകണ്ടിട്ടില്ല.