X

ഡല്‍ഹി നിയമസഭയില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം സ്ഥാപിക്കുന്നതിന് എതിരെ പ്രതിപക്ഷം : ബി.ജെ.പിയുടെ വായയടപ്പിച്ച് ആം ആദ്മി

 

ന്യൂഡല്‍ഹി: ടിപ്പു സുല്‍ത്താന്റെ ചിത്രം ഡല്‍ഹി നിയമസഭയില്‍ സ്ഥാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരും സ്വാതന്ത്ര്യ സമര സേനാനികളും ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങളാണ് നിയമസഭയില്‍ സ്ഥാപിക്കുന്നത്.

സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിങ്, ബിര്‍സ മുണ്ട, സുബാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍, ഇക്കൂട്ടത്തില്‍ ടിപ്പുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതാണ് ബി.ജെ.പി എം.എല്‍.എമാരെ ചൊടിപ്പിച്ചത്.

ഡല്‍ഹിയുടെ ചരിത്രത്തില്‍ എന്തെങ്കിലും സംഭവനയും നല്‍കിയിട്ടുള്ള ആളാണോ ടിപ്പു സുല്‍ത്താനെന്നും വിവാദ നേതാവായ ഒരാളുടെ ചിത്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകത എന്താണെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സയുടെ ചോദ്യം. എന്നാല്‍ തിരിച്ചടിച്ച എ.എ.പി, സ്വാതന്ത്ര്യ വേണ്ടി ത്യാഗം സഹിച്ച ഏതെങ്കിലും നേതാക്കള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടോയെന്നും ബി.ജെ.പി-ആര്‍.എസ.്എസ് നേതാക്കള്‍ ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് നിര്‍ദേശിമെന്നും പരിഹസിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ 144ാം പേജില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്നും ബി.ജെ.പി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ കുറ്റപ്പെടുത്തി. അതേസമയം ബി.ജെ.പി-ആര്‍.എസ.്എസ് നേതാക്കള്‍ ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേര് നിര്‍ദേശിക്കാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്ന് എ.എ.പി എം.എല്‍.എ സൗരഭ് ഭര്‍ദ്വാജ് അറിയിച്ചു.

chandrika: