ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യവുമായി ഡല്‍ഹിയിലെത്തിയ മമതയുമായി ഇരു നേതാക്കള്‍ക്കും പുറമെ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂറിയും കൂടിക്കാഴ്ച നടത്തി.
നരേന്ദ്ര മോദിയെ നേരിടാനുള്ള ശരിയായ വഴിയാണ് വിവിധ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള മമതയുടെ ശ്രമമെന്ന് കൂടിക്കാഴ്ചക്കു ശേഷം അരുണ്‍ ഷൂഖി പറഞ്ഞു. മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ഷൂറി. അതേ സമയം ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തില്‍ ചേരുമോ എന്ന കാര്യത്തില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മമത തന്റെ പഴയ സഹ പ്രവര്‍ത്തകയാണെന്നും അവരുടെ വ്യക്തിത്വം എല്ലാവര്‍ക്കും നന്നായി അറിയാമെന്നും പറഞ്ഞ യശ്വന്ത് സിന്‍ഗ രാജ്യത്തെ രക്ഷിക്കാനുള്ള മമതയുടെ ശ്രമം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഭാവിയിലും തങ്ങള്‍ മമതക്ക് പിന്തുണ നല്‍കുമെന്നും ഇരുവരും പറഞ്ഞു.