മംഗളൂരു: കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന നവ കര്‍ണാടക നിര്‍മാണ പരിവര്‍ത്തന യാത്ര സംഘടിപ്പിച്ചത്.
ഉഡുപ്പി ജില്ലയിലെ കുന്ദാപൂരില്‍ നെഹ്‌റു മൈതാനിയില്‍ യാത്രയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിനിടെയായിരുന്നു സംഘര്‍ഷം. ബി.ജെ.പി ടിക്കറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ ഹലാദി ശ്രീനിവാസ ഷെട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മേളന നഗരിയില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഷെട്ടിക്ക് ബി.ജെ.പി അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഘടകങ്ങളില്‍ അടുത്തിടെ തര്‍ക്കം ഉടലെടുത്തിരുന്നു. ഇത് സമ്മേളന വേദിയിലും പ്രതിഫലിച്ചു. സ്വാഗത പ്രാസംഗികന്‍ സമ്മേളനത്തില്‍ പ്രസംഗിക്കുന്നവരുടെ പേരുകള്‍ വായിച്ചപ്പോള്‍ സ്ഥലം എം.എല്‍.എ കൂടിയായ ഷെട്ടിയെ പരാമര്‍ശിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ഷെട്ടിയെ അനുകൂലിക്കുന്നവരാണ് ആദ്യം മുദ്രാവാക്യം വിളി തുടങ്ങിയത്. തൊട്ടു പിന്നാലെ ഷെട്ടിയെ എതിര്‍ക്കുന്നവരും രംഗത്തെത്തിയതോടെ പ്രവര്‍ത്തകര്‍ രണ്ടു ചേരിയായി തിരിഞ്ഞ് മുദ്രാവാക്യം വിളി തുടങ്ങി. ഇതിനിടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
ഇതിനിടെ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് യദ്യൂരപ്പ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഷെട്ടി ഇതുവരെ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും അതുകൊണ്ടാണ് പ്രാസംഗികരുടെ ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദാപുരില്‍നിന്നു തന്നെ അദ്ദേഹം ജനവിധി തേടുമെന്നും യദ്യൂരപ്പ വ്യക്തമാക്കി. ഇതോടെ ഷെട്ടിയെ എതിര്‍ക്കുന്നവര്‍ പ്രതിഷേധത്തിന് മൂര്‍ച്ച കൂട്ടി. ഇതോടെ പ്രവര്‍ത്തകരെ പരുഷമായ ഭാഷയില്‍ വിമര്‍ശിച്ച് യദ്യൂരപ്പ രംഗത്തെത്തി. സാമൂഹ്യ ദ്രോഹികളേയും ഗുണ്ടകളേയും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷം മൂര്‍ച്ചിച്ചതോടെ പ്രശ്‌നക്കാരെ സമ്മേളന വേദിയില്‍നിന്ന് പുറത്താക്കാന്‍ യദ്യൂരപ്പ തന്നെ പൊലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ നാലുപാടും ചിതറിയോടി.