കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒമ്പതിലും എല്‍ഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്! പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍പെട്ടവര്‍ എല്‍ഡിഎഫിന്റെ പക്ഷത്തു വിജയിക്കാതിരുന്നതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം.
ഈ വിഭാഗത്തില്‍ നിന്നുള്ള 4 പേരാണ് പഞ്ചായത്ത് മേഖലയില്‍ മത്സരിച്ചത്. അവരില്‍ നരിയമ്പാറ വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി കെ.സി.സുരേഷ് മാത്രമാണു ജയിച്ചത്. പട്ടികജാതി വിഭാഗത്തില്‍പെട്ടവരെ ജനറല്‍ സീറ്റില്‍ ഉള്‍പ്പെടെ രണ്ട് വാര്‍ഡുകളില്‍ ഇടതുപക്ഷം മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാര്‍ഡ്. 2015ല്‍ ഇടതുപക്ഷ ഭരണ സമിതിയില്‍ അംഗമായിരുന്ന സനീഷ് ശ്രീധരനെയാണ് ഇവിടെ മത്സരിപ്പിച്ചത്. യുഡിഎഫില്‍ നിന്ന് എം.കെ.സുരേഷ്‌കുമാറും മത്സരിച്ചു.
എന്നാല്‍ ഇരുവര്‍ക്കും ജയിക്കാനായില്ല. കെ.സി.സുരേഷ് 386 വോട്ടും സനീഷ് ശ്രീധരന്‍ 305 വോട്ടും എം.കെ.സുരേഷ്‌കുമാര്‍ 218 വോട്ടുമാണ് നേടിയത്. മുരിക്കാട്ടുകുടി വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു പിന്നീടുള്ള എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ 557 വോട്ട് നേടിയ പി.വി.റോയി അവിടെ വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി വി.ടി.ഷാനിന് 442 വോട്ടാണ് നേടാനായത്. അതോടെ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ കെ.സി.സുരേഷിന് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറക്കുകയായിരുന്നു.