ബെംഗളൂരു: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പതിവ് തന്ത്രങ്ങള്‍ പിഴച്ചപ്പോള്‍ പുതിയ തന്ത്രവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മാതൃഭാഷയോടുള്ള കന്നട ജനതയുടെ സ്‌നേഹം മുതലെടുത്ത് ഭാഷാവികാരം ഇളക്കിവിടാനാണ് അമിത് ഷായുടെ ശ്രമം. കന്നട കവികളുടേയും സാഹിത്യകാരന്‍മാരുടേയും സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് അമിത് ഷാ സന്ദര്‍ശിച്ചത്. എക്കാലത്തേയും പ്രഗത്ഭനായ കന്നട സാഹിത്യകാരനായ ഡി.ആര്‍.ബിന്ദ്രയുടെ കവിത ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. കുമരവ്യാസയുടെ ജന്‍മസ്ഥലം, ഡി.ആര്‍. ബിന്ദ്രയുടെ വീട്, സ്വാതന്ത്ര സമര സേനാനികളായ സംഗൊള്ളി രായണ്ണ, കിട്ടൂര്‍ റാണി ചെന്നമ്മ എന്നിവിരുടെ സ്മാരകങ്ങള്‍ തുടങ്ങിയടത്തെല്ലാം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ പ്രസംഗിച്ചപ്പോഴും കന്നട വികാരം ഇളക്കിവിടാന്‍ ശ്രമിച്ചിരുന്നു. കന്നടയില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയിരുന്നത്. കര്‍ണാടകയിലെ പ്രശസ്ത വ്യക്തികളുടെ പേരുദ്ധരിച്ച് കര്‍ണാടക രാജ്യത്തെ മഹത്തായ പാരമ്പര്യമുള്ള നാടാണെന്ന് പറഞ്ഞ മോദി ആദ്യാവസാനം കന്നട വികാരത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ചെയ്തത്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളോടും കന്നട വികാരം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ കഴിഞ്ഞ ദിവസം കന്നട സാഹിത്യകാരനായിരുന്ന കുമരവ്യാസയുടെ മഹാഭാരതത്തിലെ ഏതാനും വരികള്‍ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹിന്ദിവല്‍ക്കരണത്തിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ കോണ്‍ഗ്രസും സാംസ്‌കാരിക നായകരും ഭാഷയുടെ പേരില്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ബി.ജെ.പി ആരോപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതേ ഭാഷാവികാരം വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്.
ബി.ജെ.പിയുടെ നിലവാരമില്ലാത്ത രാഷ്ട്രീയതന്ത്രം കര്‍ണാടകയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘അവരെ ആരും വിശ്വസിക്കില്ല. ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പക്ഷെ അവരുടെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും’-സിദ്ധരാമയ്യ പറഞ്ഞു.