X

ഹാക്കിങിന് പിന്നാലെ ബി.ജെ.പി വെബ്‌സൈറ്റിനെതിരെ മോഷണ ആരോപണവുമായി ഡിസൈനര്‍ കമ്പനി

ഹാക്കിങിനെ തുടര്‍ന്ന് ആഴ്ചകളോളം പൂട്ടിക്കിടന്ന ശേഷം തുറന്ന ബി.ജെ.പി വെബ്‌സൈറ്റിനെതിരെ മോഷണ ആരോപണവുമായി വെബ്ഡിസൈനര്‍ കമ്പനി. ബിജെപി സൈറ്റ് പ്രവര്‍ത്തനസജ്ജമാക്കാനായി തങ്ങളുടെ ‘ടെംപ്ലേറ്റ്’ മോഷ്ടിച്ചുവെന്ന പരാതിയുമായി ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെബ് ഡിസൈന്‍ കമ്പനിയായ ഡബ്ല്യു 3 ലേഔട്ട്സാണ് രംഗത്തെത്തിയത്.

അനുവാദമില്ലാതെ തങ്ങളുടെ സൈറ്റ് ലേഔട്ട് മോഷ്ടിക്കുകയും ടെംപ്ലേറ്റ് ഡിസൈനിങിലെ തങ്ങളുടെ കമ്പനിയുടെ പേര് മറച്ചുവെച്ചുവെന്നുമാണ് ഡബ്ല്യു 3 ലേഔട്ട് ആരോപിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരെന്ന് പറയുന്ന പാര്‍ട്ടി തങ്ങളുടെ പകര്‍പ്പവകാശമുള്ള ടെംപ്ലേറ്റ് മോഷ്ടിച്ചുവെന്ന ഡബ്ല്യു 3 ലേഔട്ട്സിന്റെ ആരോപണം പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വീണ്ടും തലവേദനയായിരിക്കുകയാണ്. കവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെ ചൗക്കിദാര്‍ കാംപൈനിങുമായി ഇറങ്ങിയ ബിജെപിക്ക് പുതിയ വെല്ലുവിളിയായിരിക്കുകയാണ് ആരോപണം.

ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയുമായാണ് രണ്ടാഴ്ചയ്ക്ക് ശേഷം വെബ്‌സൈറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനക്ഷമമായത്. ബി.ജെ.പിയുടെ ഐ.ടി സെല്‍ തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം സന്തോഷം തോന്നിയിരുന്നു. എന്നാല്‍ പ്രതിഫലം നല്‍കാതെ ബാക്ക് ലിങ്ക് ഒഴിവാക്കിയശേഷമാണ് ഞങ്ങളുടെ ടെംപ്ലേറ്റ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. നിര്‍മാതാക്കളുടെ പേര് പോലും നല്‍കാന്‍ ബി.ജെ.പി തയാറായിട്ടില്ലെന്നും കമ്പനി പരാതിപ്പെടുന്നു. ടെംപ്ലേറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പേജിന് ഏറ്റവും അടിയിലായി കമ്പനിയുടെ പേര് ഉണ്ടായിരുന്നു. ഇതാണ് ബി.ജെ.പി എടുത്തു മാറ്റിയത്. സോഴ്സ് കോഡിലൂടെ ഇത് തങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത് ബി.ജെ.പിയെ അറിയിച്ചപ്പോള്‍ മറുപടി ഉണ്ടാവുകയല്ല മറിച്ച് സോഴ്സ് കോഡ് തിരുത്തുകയാണ് ചെയ്തതെന്നും കമ്പനി പറയുന്നു. പ്രതിഫലം തന്നില്ലെങ്കിലും തങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിക്കുമ്പോള്‍ ഒരു നന്ദി പറയാനെങ്കിലുമുള്ള മാന്യത ബി.ജെ.പി കാണിക്കേണ്ടതായിരുന്നു എന്നും ഡബ്ല്യു 3 ലേഔട്ട്സ് വ്യക്തമാക്കി.

അവര്‍ ഇപ്പോള്‍ സൈറ്റ് കോഡ് പൂര്‍ണമായും മാറ്റിയേക്കാം. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാവിന്റെ പാര്‍ട്ടി ഇത്തരമൊരു മോഷണം ചെയ്യുമെന്ന് കരുതിയില്ല. ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും നീരുമാണ് മോഷ്ടിച്ചത്. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നത് മനസിലാക്കി ബി.ജെ.പിയെ അറിയിച്ചപ്പോള്‍ അവഗണിക്കുകയാണുണ്ടായതെന്നും കമ്പനി ട്വീറ്റ് ചെയ്തു.

സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിക്കെതിരെ രംഗത്തെത്തി. അതേസമയം ബി.ജെ.പിയുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന കോണ്‍ഗ്രസ് ക്യാംപെയ്ന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ് പുതിയ സംഭവം.

chandrika: