X
    Categories: indiaNews

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ബിജെപി അജണ്ട? ബിജെപി ബുദ്ധിജീവി വിഭാഗം മേധാവി രാജിവെച്ച് രജനിയുടെ പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്ററായി

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപിയെന്ന് തെളിയുന്നു. അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് പിന്നാലെയുള്ള രജനിയുടെ രാഷ്ട്രീയ പ്രവേശം ആര്‍എസ്എസ് അജണ്ടയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഇന്നലെ വരെ ബിജെപിയുടെ ബുദ്ധിജീവി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ച അര്‍ജുനമൂര്‍ത്തിയാണ് ഇന്ന് രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റത്. ഇന്നലെയാണ് അര്‍ജുനമൂര്‍ത്തി ബിജെപിയില്‍ നിന്ന് രാജി വെച്ചത്.

പാര്‍ട്ടിയുടെ പുതിയ കോഓര്‍ഡിനേറ്ററായി ചുമതലയേറ്റ സന്തോഷം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് അര്‍ജുനമൂര്‍ത്തി സന്തോഷം പ്രകടിപ്പിച്ചത്. ‘പ്രസിഡന്റിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു’വെന്നാണ് അര്‍ജുനമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. ഇന്നത്തെ ട്വീറ്റിന് മുമ്പ് അര്‍ജുനമൂര്‍ത്തിയുടേതായി പോസ്റ്റ് ചെയ്ത ട്വീറ്റ് ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സി.ടി രവിയെ അഭിനന്ദിച്ചുള്ളതാണ്. ഗോവ, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവാണ് സി.ടി രവി.

ബിജെപിയുടെ മിക്ക ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള നേതാവായ അര്‍ജുനമൂര്‍ത്തിയുടെ പെട്ടെന്നുള്ള രാജിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതും സംശയത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. നിലവില്‍ ബിജെപിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിട്ടുണ്ട്. രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഇനിമുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: