X
    Categories: indiaNews

ബിഹാറില്‍ നിതീഷിനെ വീഴ്ത്താന്‍ പുതിയ തന്ത്രവുമായി ബിജെപി

പാറ്റ്‌ന: ഏത് വിധേനയും അധികാരം പിടിക്കുക എന്ന നയമാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാത്തിലും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും പയറ്റുന്ന തന്ത്രം. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതാണ് ഒന്നാമത്തെ തന്ത്രം. ഗുജറാത്തിലും മുസഫര്‍ നഗറിലും രാജ്യം കണ്ടത് ഈ തന്ത്രമായിരുന്നു. അത് വിജയിച്ചില്ലെങ്കില്‍ ജനവിധി അട്ടിമറിച്ച് ഭൂരിപക്ഷം കിട്ടിയ കക്ഷിയെ നോക്കുകുത്തിയാക്കി ഗവര്‍ണര്‍മാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാര്‍ രൂപീകരിക്കുക എന്ന തന്ത്രം. ഗോവയിലും മേഘാലയയിലും രാജ്യം കണ്ടത് ഇതായിരുന്നു. അതും വിജയിച്ചില്ലെങ്കില്‍ അവസരത്തിനായി കാത്തിരുന്ന് കിട്ടുന്ന അവസരത്തില്‍ ഒറ്റുകാരെ കൂട്ടുപിടിച്ച് പണവും അധികാരവും നല്‍കി സര്‍ക്കാറിനെ വീഴ്ത്തുക എന്നതാണ് മറ്റൊരു തന്ത്രം. മധ്യപ്രദേശിലെയും കര്‍ണാകടയിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളെ വീഴ്ത്തി ഭരണം പിടിച്ചത് ഇതുവഴിയായിരുന്നു.

എന്നാല്‍ ഇതൊന്നും പയറ്റാന്‍ സാധ്യത കാണാത്ത ബിഹാറില്‍ പുതിയ അടവാണ് ബിജെപി പുറത്തെടുക്കുന്നത്. ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവില്ല എന്നതാണ് ബിഹാറില്‍ ബിജെപി നേരിടുന്ന വലിയ പ്രതിസന്ധി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിഹാറില്‍ കെട്ടിയിറക്കിയത്. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നിഴലിലാണ് ബിഹാറില്‍ ബിജെപി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ ഭൂരപക്ഷം നേടിയ മഹാസഖ്യത്തെ അട്ടിമറിച്ച് നിതീഷിനെ കൂട്ടുപിടിച്ച് ഭരണം നേടിയെങ്കിലും നിതീഷിന്റെ നിഴലില്‍ നിന്ന് പുറത്തുകടക്കാന്‍ ബിജെപിക്കായിട്ടില്ല. ഇത് മറികടക്കാനാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പുതിയ അടവിറക്കുന്നത്.

രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് ബിജെപി ബിഹാറില്‍ പുതിയ കളിക്കിറങ്ങുന്നത്. രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് ബിഹാറില്‍ പാര്‍ട്ടിയെ നയിക്കുന്നത്. തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നതിന് മുമ്പ് തന്നെ നിതീഷ് കുമാറിനെ വിമര്‍ശിച്ച് ചിരാഗ് പാസ്വാന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലേക്കില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും ചിരാഗ് പാസ്വാന്‍ വ്യക്തമാക്കി. എന്നാല്‍ ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ചിരാഗ് പ്രഖ്യാപിച്ചത്.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എല്‍ജെപി തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണെന്നാണ് ബിഹാറില്‍ നിന്നുള്ള പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തരെന്ന വ്യാജേന മുതിര്‍ന്ന ബിജെപി നേതാക്കള്‍ എല്‍ജെപിയിലേക്ക് കൂടുമാറി എല്‍ജെപി സ്ഥാനാര്‍ത്ഥികളായി ജെഡിയുവിനെതിരെ മത്സരിക്കുകയാണ്. 2015ല്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ രാജേന്ദ്ര സിങ്, ബിജെപി നേതാവും വനിതാ കമ്മീഷന്‍ അംഗവുമായ ഉഷ വിദ്യാര്‍ത്ഥി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ബിജെപി വിട്ട് എല്‍ജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇനിയും ഒരു ഡസനോളം ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് എല്‍ജെപി സ്ഥാനാര്‍ത്ഥികളാവാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ എല്‍ജെപി ടിക്കറ്റില്‍ ജെഡിയുവിനെതിരെ മത്സരിച്ച് നിതീഷിനെ നിഷ്പ്രഭനാക്കുക എന്ന അടവാണ് ബിജെപി പുറത്തെടുക്കുന്നത്. സഖ്യ ധാരണപ്രകാരം 121 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നതെങ്കിലും ഫലത്തില്‍ 243 സീറ്റുകളിലും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 142 സീറ്റുകളില്‍ മത്സരിച്ച എല്‍ജെപി വെറും രണ്ട് സീറ്റില്‍ മാത്രമാണ് ജയിച്ചു കയറിയത്. ഇത്തരമൊരു ട്രാക്ക് റെക്കോര്‍ഡുള്ള ഒരു പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച് ആത്മഹത്യാപരമായ നീക്കം നടത്തുമെന്ന് വിശ്വസിക്കാനാവില്ല. മറിച്ച് ബിജെപി ദേശീയ നേതൃത്വം ബിഹാറില്‍ നിതീഷ് കുമാറിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാന്‍ കരുതിക്കൂട്ടി ഇറക്കിയ തുറുപ്പുചീട്ടാണ് ചിരാഗ് പാസ്വാന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. എതിരാളികളെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ വീഴ്ത്തി അധികാരം പിടിക്കുക എന്ന തന്ത്രം പയറ്റി വിജയിച്ചിട്ടുള്ള മോദി-അമിത് ഷാ കൂട്ടുകെട്ട് മുന്നണിക്കകത്തും ചതി ഒളിപ്പിച്ചുവെക്കുന്ന ഒട്ടും രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണ് ബിഹാറില്‍ സ്വീകരിക്കുന്നതെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: