X

‘ഭരണം പിടിക്കാന്‍ തമിഴ്നാട്ടില്‍ ബിജെപി കലാപം നടത്തണം’; വിവാദ പ്രസ്താവനയില്‍ ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

തമിഴ്നാട്ടില്‍ ബിജെപിക്ക് അടിത്തറയുണ്ടാക്കണമെങ്കില്‍ കലാപം നടത്തണമെന്ന വിവാദ പ്രസ്താവനയില്‍ ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. തിരുനെല്‍വേലി ബി.ജെ.പി അധ്യക്ഷന്‍ തമിഴ്ചെല്‍വനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഹിന്ദു മക്കള്‍ പാര്‍ട്ടിയുടെ ഉപമേധാവി ഉദയാറിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

‘അവര്‍ക്ക് വോട്ട് വാങ്ങാന്‍ കഴിയുമോ അതോ ആരെയെങ്കിലും തല്ലാന്‍ ധൈര്യപ്പെടുമോ? കലാപത്തിന് പ്രേരിപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് ഇവിടെ കാലുകുത്താന്‍ കഴിയൂ’; ഉദയാര്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് ബ്രൂസ് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉദയാറിന്റെ പ്രസ്താവന.

ഓഡിയോ വൈറലായതോടെ ഉദയാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ജൂണ്‍ 25 വരെ ജുഡീഷ്യല്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അടിപതറുകയായിരുന്നു ബിജെപി. എംകെ സ്റ്റാലിന്റെ പടയോട്ടമായിരുന്നു തമിഴ്നാട്ടില്‍.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ 22ഉം നേടി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം മുന്നേറി. ഡിഎംകെയുടെ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷിയായ കോണ്‍ഗ്രസ് 9 സീറ്റുകളും നേടി. കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് ഒരു തവണ പോലും മുന്നിലെത്താന്‍ കഴിഞ്ഞില്ല.

webdesk13: