പശ്ചിമ ബംഗാളും ജാര്‍ഖണ്ഡും വിഭജിച്ച് പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ബംഗ്ലാദേശില്‍ നിന്നെത്തിയ കുടിയേറ്റക്കാരാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ദുബെ ആവശ്യം ഉന്നയിച്ചത്. പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാത്ത പക്ഷം ഹിന്ദുക്കള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി എം.പി പറഞ്ഞു.
അസമിലേതിന് സമാനമായി എന്‍.ആര്‍.സി നടപ്പിലാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനാസ് മേഖലയിലെ ആദിവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ദുബൈ അവകാശപ്പെട്ടു. ലോക്സഭയിലെ ശ്യൂന്യവേളയിലാണ് ബി.ജെ.പി എം.പിയുടെ അവകാശവാദം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്നും ദുബൈ പറഞ്ഞു. മാള്‍ഡ, മുര്‍ഷിദാബാദ്, അരാരിയ, കിഷന്‍ഗഞ്ച്, കതിഹാര്‍, സന്താല്‍ പര്‍ഗാനാസ് എന്നീ പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് ദുബൈ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.
സന്താല്‍ പര്‍ഗാനാസ് ബീഹാറില്‍ നിന്ന് വിഭജിക്കപ്പെട്ട് ജാര്‍ഖണ്ഡിന്റെ ഭാഗമായപ്പോള്‍ പ്രദേശത്തെ ജനസംഖ്യയുടെ 36 ശതമാനവും ആദിവാസികള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 26 ശതമാനമായി കുറഞ്ഞുവെന്നാണ് ദുബൈയുടെ ആരോപണം. കുറവുണ്ടായ പത്ത് ശതമാനം ആദിവാസികള്‍ എവിടെയെന്നാണ് ദുബൈ ലോക്സഭയില്‍ ചോദിച്ചത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അവകാശപ്പെട്ടു. മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അനുവാദം അനിവാര്യമാണെന്ന ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു.
താന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കുന്നുവെന്ന് മാത്രമല്ല അര്‍ഥമാക്കുന്നത്. രാജ്യത്ത് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ കുടിയിരുത്തുകയാണെന്നും ദുബൈ പറഞ്ഞു.