X
    Categories: indiaNews

2000 രൂപ നോട്ട് നിരോധിക്കണമെന്ന് ബി.ജെ.പി എം.പി; അച്ചടി നിര്‍ത്തിയിട്ട് മൂന്ന് വര്‍ഷം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നത് മൂന്ന് വര്‍ഷം മുന്‍പ് നിര്‍ത്തിയതാണ്. 2000 രൂപ നോട്ട് പൂഴ്ത്തി വെച്ച് ഭീകര പ്രവര്‍ത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി വിവരമുണ്ട്.

അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ 100 ന് മുകളില്‍ കറന്‍സി ഇല്ല. 2000 രൂപ നോട്ട് ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. എങ്കില്‍ ആളുകള്‍ക്ക് നോട്ട് ചെറിയ സംഖ്യകളിലേക്ക് മാറ്റുന്നതിന് സമയം ലഭിക്കുമെന്നും ബി.ജെ.പി എം.പി പറഞ്ഞു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും ആയിരുന്നു സുശീല്‍ മോദി. 2000 രൂപ നോട്ട് നിരോധിച്ച്, നോട്ട് മാറി ചെറിയ കറന്‍സികള്‍ വാങ്ങാന്‍ ജനത്തിന് രണ്ട് വര്‍ഷം സമയം അനുവദിക്കണമെന്നും സുശീല്‍ മോദി ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. എടിഎമ്മുകളില്‍ നിന്ന് 2000 രൂപാ നോട്ട് അപ്രത്യക്ഷമായി. മൂന്ന് വര്‍ഷമായി റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നില്ല, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം നല്‍കണം. ആയിരം രൂപയുടെ നോട്ട് നിരോധിച്ചിട്ട് 2000 രൂപാ നോട്ട് ഇറക്കിയതില്‍ യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാണ് 2000 രൂപാ നോട്ട്. 500, 1000 രൂപ നോട്ടുകള്‍ അന്ന് നിരോധിച്ചിരുന്നു. പിന്നീട് 500 രൂപ നോട്ടുകള്‍ അച്ചടിച്ചെങ്കിലും 1000 രൂപ നോട്ടുകള്‍ തുടര്‍ന്നില്ല.

അതേസമയം, 2019ല്‍ തന്നെ 2000 രൂപയുടെ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. കള്ളപ്പണം ഇല്ലാതാക്കുക, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക, വ്യാജനോട്ട് തടയുക തുടങ്ങിയവയാണ് നോട്ട് നിരോധനത്തിന്റെ ലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, ആര്‍.ബി. ഐയുടെ കണക്ക് അനുസരിച്ച് 99 ശതമാനം നോട്ടുകളും തിരിച്ചുവന്നു. നോട്ട് നിരോധനത്തിലൂടെ മാത്രം എത്ര കള്ളപ്പണം പിടിച്ചു എന്നതിലും മോദി സര്‍ക്കാരിന് വ്യക്തതയുണ്ടായിരുന്നില്ല.

Test User: