പ്രധാനമന്ത്രി ശിവജിയുടെ പുനര്‍ജന്മമെന്ന് ബിജെപി എം.പി; ശിവജിയെ അപമാനിച്ചെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ട് ബിജെപി എംപി പ്രദീപ് പുരോഹിത്. ഒഡിഷയിലെ ബർ​ഗഢിൽ നിന്നുള്ള പാർലമെന്റ് അം​ഗമായ പ്രദീപ് പുരോഹിത് ലോക്സഭയിലാണ് വിചിത്ര വാദം ഉന്നയിച്ചത്. കുറച്ചുനാൾ മുമ്പ് ഒരു സന്യാസിയുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് സന്യാസി തന്നോട് പറഞ്ഞെന്നും പ്രദീപ് പുരോഹിത് അവകാശപ്പെട്ടു. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കാൻ വേണ്ടിയാണ് പുനർജന്മമെന്നും പുരോഹിത് പറഞ്ഞു.

പ്രസ്താവനക്ക് എതിരെ പ്രതിപക്ഷ പാർട്ടികളും മോദി വിമർശകരും രം​ഗത്തെത്തി. ശിവജിയുടെ മഹിമയെ ബിജെപി എംപി അപമാനിച്ചെന്ന് കോൺ​ഗ്രസ് വമർശിച്ചു. ശിവജി മഹാരാജിന്റെ തലപ്പാവ് നരേന്ദ്ര മോദിയുടെ തലയിൽ അണിയിക്കാൻ ശ്രമിക്കുന്നത് ശിവജിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺ​ഗ്രസ് നേതാവ് വർഷ ​ഗെയ്ക്വാദ്. ബിജെപിക്കാരുടെ അസംബന്ധങ്ങൾ നിയന്ത്രിക്കണമെന്നും ശിവജിയെ നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുന്നത് അം​ഗീകരിക്കാനാകില്ലെന്നും ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലും വിഷയം സജീവ ചർച്ചയാണ്. രണ്ട് ജന്മങ്ങൾക്കിടയിൽ നരേന്ദ്ര മോദി എന്തുചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പുരോഹിതിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളിൽ ഒന്ന്. ശിവജി മഹാരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാ​ഗമല്ലെന്നും ശിവജിയുടെ പാരമ്പര്യത്തിന് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നുമാണ് മറ്റൊരു കമന്റ്. സ്തുതിപാടലിന്റെ അങ്ങേയറ്റമെന്നും വിമർശനം.

പ്രദീപ് പുരോഹിത് മാപ്പ് പറയണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം ഉന്നയിക്കുന്നുണ്ട്. ആദ്യമായല്ല, നരേന്ദ്ര മോദിയെ ചരിത്ര പുരുഷന്മാരോട് ഉപമിച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തുന്നത്. 2020ൽ ജ​ഗ് ഭ​ഗവാൻ ​ഗോയൽ എഴുതിയ ആജ് കേ ശിവജി: നരേന്ദ്ര മോദി (ശിവജി – വർത്തമാനകാല ശിവജി) എന്ന പുസ്തകം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ നരേന്ദ്ര മോദിയെ മൗര്യ ചക്രവർത്തി അശോകനോട് ഉപമിച്ച ബിജെപി നേതാവ് സുരാജ്നനാടന്റെ പ്രസ്താവനയും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

webdesk13:
whatsapp
line