X

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കും: ബി.ജെ.പി എം.പി നിശികാന്ത് ദൂബെ

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്‌ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന് ജാര്‍ഖണ്ഡിലെ ഗൊദ്ദയിലാണ് ചാര്‍കു അന്‍സാരി (35), മൂര്‍ത്താസാ അന്‍സാരി (30) എന്നിവര്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഈ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ദൂബെ.

പശുക്കളെ മോഷ്ടിച്ചതിന് ഗ്രാമത്തിലെ എല്ലാവരും ചേര്‍ന്നിട്ടാണ് യുവാക്കളെ മര്‍ദ്ദിച്ചത്. പിന്നെ എന്തിനാണ് നാല് പേരെ മാത്രം പ്രതിയാക്കിയത്. പാവപ്പെട്ട വ്യക്തികള്‍ക്ക് സൗജന്യമായി നിയമപരമായ സഹായം ലഭിക്കാന്‍ ഭരണഘടനാ അവകാശമുണ്ട്. അത്തരം വ്യക്തികള്‍ക്ക് സൗജന്യ നിയമ സഹായം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. ഞാന്‍ ഈ പ്രദേശത്തെ ജനപ്രതിനിധിയാണ്. അവരെ സഹായിക്കാനുള്ള അവരുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന ഞാന്‍ സ്വീകരിക്കുന്നു. സുപ്രീംകോടതി വരെ പോയിട്ടാണെങ്കിലും ഗോരക്ഷകരെ നിയമത്തിന്റെ പിടിയില്‍ നിന്ന് പുറത്തു കൊണ്ടുവരും ദൂബെ പറഞ്ഞു.

13 പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ചാര്‍കു അന്‍സാരിയേയും മൂര്‍ത്താസാ അന്‍സാരിയേയും അടക്കം അഞ്ചുപേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ പിടികൂടിയത്. എന്നാല്‍ സംഘത്തിലെ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാണ്ട് 100 പേരടങ്ങുന്ന സംഘമാണ് ചാര്‍കുവിനേയും മൂര്‍ത്താസായേയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഇവരില്‍ പശുക്കളെ നഷ്ടപ്പെട്ടുവെന്ന് പറയുന്നവരെയാണ് ഇപ്പോള്‍ കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം കൊടുക്കാന്‍ താങ്കള്‍ തയാറാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്നോട് ആരും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്താല്‍ സഹായം നല്‍കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

chandrika: