ന്യൂഡല്‍ഹി: ഊര്‍ജ്ജ വിതരണ കമ്പനി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ രാം ശങ്കര്‍ കതാരിയക്ക് രണ്ടു വര്‍ഷത്തെ തടവു ശിക്ഷ. 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആഗ്ര കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം കതാരിയക്ക് ലോക്‌സഭാംഗത്വം നഷ്ടമായേക്കും. അതേസമയം വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കതാരിയ പറഞ്ഞു.
ഉത്തര്‍പ്രേദശിലെ ഇറ്റാവ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് രാം ശങ്കര്‍ കത്താരിയ. ഒന്നാം മോദി സര്‍ക്കാറില്‍ 2014 നവംബര്‍ മുതല്‍ 2016 ജൂലായ് വരെ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയായിരുന്നു. പട്ടികജാതി കമ്മീഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് കണ്‍സള്‍ട്ടീവ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമാണ്.
2019ല്‍ ടോള്‍ പ്ലാസ ജീവനക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും കതാരിയ വിചാരണ നേരിടുന്നുണ്ട്. ടോള്‍ ബൂത്തില്‍ വാഹനം തടഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കതാരിയയുടെ അംഗ രക്ഷകര്‍ ടോള്‍ബൂത്ത് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കേസ്.
ജനപ്രാതിനിധ്യ നിയമം 1951ലെ അനുഛേദം 8(3) പ്രകാരം ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെടുന്ന എം.പിമാരും എം. എല്‍.എമാരും പദവികളില്‍ തുടരാന്‍ അയോഗ്യരാണ്. ഇതിനു പുറമെ എട്ടു വര്‍ഷത്തെ തിരഞ്ഞെടുപ്പ് വിലക്കും നേരിടേണ്ടി വരും.