ന്യൂഡല്‍ഹി: ചളിയില്‍ കുളിച്ച് ശംഖ് വിളിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നും അങ്ങനെ കോവിഡ് വരുന്നത് തടയാമെന്നും പ്രചരിപ്പിച്ച ബിജെപി എംപിക്ക് കോവിഡ്. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി സുഖ്ഭീര്‍ സിങ് ജോനാപുരിയക്കാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
കോവിഡ് പടര്‍ന്നുപിടച്ച സാഹചര്യത്തില്‍ കഴിഞ്ഞമാസമാണ് സുഖ്ഭീര്‍ സിങ് ഫെയ്‌സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. ചളിയില്‍ കുളിച്ച് ശംഖ് വിളിച്ചാല്‍ കോവിഡിനെ തടയാമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്. മന്ത്രി ചളിയില്‍ കുളിക്കുന്ന ദൃശ്യങ്ങളും ഇലകള്‍ കഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു.
പുറത്തുപോയി അഴുക്കുചാലില്‍ ഇരിക്കുക, മഴ നനയുക, ശംഖൊലി മുഴക്കുക, കൃഷിയിടത്തില്‍ ജോലി ചെയ്യുക ഇതെല്ലാം ചെയ്താല്‍ പ്രതിരോധ ശേഷി വര്‍ധിക്കും. ഇത് വഴി കൊറോണ വരുന്നത് തടയാം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മരുന്നുകള്‍ സഹായിക്കില്ല-ഇതായിരുന്നു മന്ത്രി പറഞ്ഞത്. ശംഖ് മുഴക്കുന്നത് ശ്വാസകോശത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും എംപി പറഞ്ഞു.