X
    Categories: indiaNews

കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ജന്മദിനം ആഘോഷിച്ച് ബിജെപി എംപി അപരാജിത; ദൃശ്യങ്ങള്‍ പുറത്ത്-ഓഫീസ് സീല്‍ ചെയ്തു

ഭുവനേശ്വര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വീണ്ടും ലംഘിച്ച് ബിജെപി ദേശീയ വക്താവും ഭുവനേശ്വര്‍ എംപിയുമായ അപരാജിത സാരംഗി. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തന്റെ ജന്‍മദിനാഘോഷം വിപുലമായ നടത്തിയാണ് ബിജെപി വനിതാ എംപി വീണ്ടും വിവാദത്തിലായത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധിപേര്‍ അപരാജിതയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബിജെപി എംപിയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന് എതിരെ ഒഡീഷ സര്‍ക്കാര്‍ രംഗത്തെത്തി. ഒക്ടോബര്‍ എട്ടിന് നഗരത്തില്‍ നടത്തിയ ജന്മദിനാഘോഷത്തില്‍ ഭുവനേശ്വര്‍ എംപി അപരാജിത കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് ഒഡീഷ ആഭ്യന്തര മന്ത്രി ഡി എസ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കത്തയച്ചു.

നിയമം തെറ്റിച്ചെന്ന് വ്യക്തമായതോടെ പരിപാടി നടന്ന ഭുവനേശ്വര്‍ മുന്‍സിപ്പള്‍ കോര്‍പ്പറേഷനിടെ എംപിയുടെ ഓഫീസ് കോവിഡ് ജാഗ്രതയുടെ ഭാഗമായി സീല്‍ ചെയ്തു. ബിഎംസി സോണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (സൗത്ത്-വെസ്റ്റ്) റാബിനാരായണ്‍ ജെതിയുടെ നേതൃത്വത്തിലുള്ള സംഘം 15 ദിവസത്തേക്ക് ഓഫീസ് അടച്ചുപൂട്ടിയത്. ‘കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണക്കിലെടുത്ത് നടപടിയെടുത്തിട്ടുണ്ട്. 15 ദിവസത്തിന് ശേഷം ഓഫീസ് വീണ്ടും തുറക്കുന്നതിന് മുമ്പ് ശുചിത്വം ഉറപ്പുവരുത്തും,’ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങള്‍ തള്ളി അപരാജിത രംഗത്തെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് എംപിയുടെ അവകാശവാദം. ‘എന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഡി എസ് മിശ്ര എനിക്ക് ജന്മദിനാശംസകള്‍ അയയ്ക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് കത്തെഴുതി.’ അപരാജിത പ്രതികരിച്ചു.

എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപരാജിത സാരംഗി ലംഘിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, സാമൂഹിക അകലം പാലിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്ക് പിഴയും ചുമത്തിയിരുന്നു.

 

chandrika: