X

രാജസ്ഥാനിലേക്കു ചൂണ്ടി മണിപ്പുരിനെ മറയ്ക്കാന്‍ ബി.ജെ.പി നീക്കം; പ്രധാനമന്ത്രിക്കെതിരെ അശോക് ഗെലോട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോണ്‍ഗ്രസും. മണിപ്പുരില്‍ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കിലൂന്നി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.

രാജ്യത്ത് ബലാത്സംഗക്കേസുകള്‍ ഏറ്റവും കൂടുതല്‍ റജിസ്റ്റര്‍ ചെയ്യുന്നത് രാജസ്ഥാനിലാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ബലാത്സംഗക്കേസുകളില്‍ 22 ശതമാനവും രാജസ്ഥാനിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് എതിരായ പ്രതിഷേധം ഭരിക്കുന്ന സര്‍ക്കാരിനെ നോക്കിയല്ല ഉയര്‍ത്തേണ്ടതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അടുത്തിടെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പ്രതിപക്ഷം പ്രത്യേക സംഘത്തെ അയയ്ക്കുമോ. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ മന്ത്രിയെ പുറത്താക്കിയ അശോക് ഗലോട്ടിന്റെ നടപടി അപലപനീയമാണ്. പുറത്താക്കപ്പെട്ട മന്ത്രി ശാന്തി ദരിവാള്‍ സംസ്ഥാനത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു പറഞ്ഞതില്‍ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും ഠാക്കൂര്‍ ചോദിച്ചു.

ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ദളിത് സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളെ കൊന്നൊടുക്കിയപ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി നിന്നു. തൃണമൂലുമായി കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും സ്മൃതി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തെത്തി. സംഘര്‍ഷഭരിതമായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്‍ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്‍ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല.

അവിടെ കോണ്‍ഗ്രസ് സര്‍ക്കാരാണു ഭരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജസ്ഥാനിലെ ജനങ്ങളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും ഗെലോട്ട് പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെ രാജസ്ഥാനിലെയും ഛത്തിസ്ഗഡിലെയും മുഖ്യമന്ത്രിമാര്‍ ക്രമസമാധാന നില കൃത്യമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

മണിപ്പുരില്‍ 100 ബലാത്സംഗക്കേസുകള്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ സമ്മതിച്ചുവെന്ന് ഗെലോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്താണു മണിപ്പുരില്‍ നടക്കുന്നത്. അവിടെ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരുവട്ടം മണിപ്പുര്‍ സന്ദര്‍ശിച്ചു. അതിനു ശേഷവും കൊലപാതകവും ബലാത്സംഗവും തുടര്‍ക്കഥയാണ്. ഔപചാരികതയുടെ പേരില്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം മണിപ്പുരിനെക്കുറിച്ചു പ്രതികരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവിടം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

webdesk13: