മൈസൂരു-കുടക് സീറ്റിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.സി തേജസ്വിനി ഗൗഡ രാജിവെച്ചു. ബുധനാഴ്ച നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് അവർ രാജിക്കത്ത് സമർപ്പിച്ചു. കോൺഗ്രസിലേക്കുള്ള മടക്കത്തിന് മുന്നോടിയായാണ് രേജസ്വിനിയുടെ രാജിയെന്നാണ് വിവരം. വൈകാതെ കോൺഗ്രസിൽ ചേർന്നേക്കും.
മാധ്യമപ്രവർത്തകയായിരുന്ന തേജസ്വിനി മുമ്പ് കോൺഗ്രസിലായിരുന്നു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അന്നത്തെ കനക്പുര മണ്ഡലത്തിൽനിന്ന് ജെ.ഡി-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി എം.പിയായി.
എന്നാൽ, പിന്നീട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ തേജസ്വിനി കഴിഞ്ഞ 10 വർഷമായി ബി.ജെ.പിക്കൊപ്പമുണ്ട്. നിയമനിർമാണ കൗൺസിലിൽ തേജസ്വിനി ഗൗഡയുടെ കാലാവധി വരുന്ന ജൂൺ 17ന് അവസാനിക്കാനിരിക്കെയാണ് രാജി.