X
    Categories: indiaNews

യു.പിയില്‍ ആശുപത്രി ഐസിയുവില്‍ ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരെ ആക്രമിച്ചു

യുപിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

എംഎല്‍എയുടെ മാതാവ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇവരെ കാണാന്‍ എത്തിയ സംഘം ഐ.സി.യുവില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ ഇവരെ തടയുകയായിരുന്നു. എന്നാല്‍ അതിന്റെ ദേഷ്യത്തില്‍ എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരായ പ്രതാപ്, സത്യപാല്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരെയും സംഘം ആക്രമിച്ചു. ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇന്നലെ രാത്രി വരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം, ആശുപത്രി ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചതായി ചൗധരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ജസ്വന്ത് സിംഗ് എം.എല്‍.എയുടെ അമ്മയ്ക്ക് ചായ നല്‍കാനാണ് പോയതെന്നും ഐസിയുവിലെ രോഗിയുടെ ഫോട്ടോ എടുക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കത്രികയും ഇരുമ്പ് വടിയും കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചപ്പോള്‍ വീട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും മാലയും 700 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറഞ്ഞു.

എന്നാല്‍, എം.എല്‍.എയുടെ ബന്ധുക്കള്‍ അതിക്രമിച്ച് കയറി ആശുപത്രി ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മനോജ് ഗുപ്ത ആവശ്യപ്പെട്ടു.

webdesk17: