ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. നിയമസഭ നടക്കുമ്പോള്‍ ഫോണില്‍ ഗെയിം കളിക്കുന്നതിന്റെയും ലഹരിപദാര്‍ത്ഥം ഉപയോഗിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ രാഷ്ട്രീയ ലോക്ദളിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും കടന്നാക്രമണം.
നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇരുപാര്‍ട്ടികളും പുറത്തുവിട്ടത്. രാഷ്ട്രീയലോക്ദള്‍ പറയുന്നത് അവര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് മഹോബയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാകേഷ് കുമാര്‍ ഗോസ്വാമി ആണെന്നാണ്. രാകേഷ് കുമാര്‍ ഗോസ്വാമിയുടെ രൂപസാദൃശ്യമുള്ള വ്യക്തി ഫോണില്‍ ചീട്ടുകളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. നിയമസഭാ നടപടികള്‍ കേള്‍ക്കാനായി ഹെഡ്‌ഫോണ്‍ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
നിയമസഭയിലിരുന്ന് ചീട്ട് കളിക്കുന്ന ഈ മനുഷ്യന്‍ മഹോബയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. നിയമസഭയിലെ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന സഭാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ മനസ്ഥിതിയുമാണ് ഇതിലൂടെ പുറത്തുവരുന്നത്. പൊതുജനസേവനത്തോടുള്ള ബിജെപിയുടെ സമീപനമാണിത്. രാഷ്ട്രീയലോക്ദള്‍ വീഡിയോയ്‌ക്കൊപ്പം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. സമാനമായ വീഡിയോയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പുറത്തുവിട്ടത്. വീഡിയോയിലുള്ളത് ഝാന്‍സിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രവി ശര്‍മ്മയാണെന്ന് പാര്‍ട്ടി വാദിക്കുന്നു.
ലഹരി ഉല്‍പന്നങ്ങള്‍ കയ്യില്‍ വച്ച് ഉപയോഗിക്കാന്‍ തക്കതാക്കുന്നതിന്റെ വീഡിയോയാണിത്. സഭ കൂടുന്നതിനിടെ ഇദ്ദേഹം ലഹരി ഉല്‍പന്നം വായിലിട്ട് ചവയ്ക്കുന്ന വീഡിയോയുമുണ്ടെന്നും സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നു. യോഗിജീ, ഭാവിയില്‍ നിങ്ങളുടെ എംഎല്‍എമാര്‍ സഭയിലിരുന്ന് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുമോ? അതിനും ബിജെപി പരിശീലനം നല്‍കുന്നുണ്ടോ? സമാജ് വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു. ഈ എംഎല്‍എമാര്‍ക്ക് മേലെ എന്നാണ് മുഖ്യമന്ത്രി സദാചാരത്തിന്റെ ബുള്‍ഡോസര്‍ ഉരുട്ടുക എന്നാണ് ഈ ട്വീറ്റ് പങ്കുവച്ച് അഖിലേഷ് യാദവ് പരിഹസിച്ചത്.