X

പൊലീസ് സ്റ്റേഷനിൽവെച്ച് ശിവസേന നേതാവിനെ വെടിവെച്ച ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭൂമി തർക്കത്തിന്‍റെ പേരിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ നേതാവിനെ വെടിവെച്ചതിന് ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ.

വെള്ളിയാഴ്ച രാത്രി ഉല്ലാസ് നഗർ ഏരിയയിലെ ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടറുടെ ചേമ്പറിനുള്ളിൽ വച്ച് കല്യാണിലെ ശിവസേന തലവൻ മഹേഷ് ഗെയ്‌ക്‌വാദിന് നേരെ ബി.ജെ.പി എം.എൽ.എ ഗൺപത് ഗെയ്‌ക്‌വാദ് വെടിയുതിർക്കുകയായിരുന്നു.

തന്‍റെ മകനെ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മർദിക്കുന്നതിനിടെയാണ് തോക്ക് ഉപയോഗിച്ചതെന്ന് അറസ്റ്റിന് മുമ്പ് ഗൺപത് ഗെയ്‌ക്‌വാദ് പറഞ്ഞു. ചെയ്തതിൽ ഖേദമില്ലെന്നും മഹാരാഷ്ട്രയിൽ കുറ്റവാളികളുടെ രാജ്യം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായിരുന്നാൽ മഹാരാഷ്ട്രയിൽ ക്രിമിനലുകൾ മാത്രമേ ജനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മഹേഷ് ഗെയ്‌ക്‌വാദിനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെനിന്ന് താനെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശിവസേനയുടെ അറിയിച്ചു.

ഗണപത് ഗെയ്‌ക്‌വാദിനെ കൂടാതെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

webdesk13: