ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ബഹ്‌റൈച്ചിൽ ഉണ്ടായ വർഗീയ സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠി. ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്‌ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.
ഒക്ടോബർ 13ന് വൈകുന്നേരം ബഹ്‌റൈച്ചിലെ മഹാസി തഹ്‌സിലിലെ മഹാരാജ്ഗഞ്ച് പ്രദേശത്ത് വർഗീയ കലാപത്തിൽ ഗോപാൽ മിശ്ര എന്ന ഹിന്ദു യുവാവ് വെടിയേറ്റ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവവികാസങ്ങൾക്കിടയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവും ഡിയോറിയയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ശലഭ് മണി ത്രിപാഠി എക്‌സിൽ പോസ്റ്റ് വർഗീയപരമായ പോസ്റ്റ് ഇടുകയായിരുന്നു.
‘ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ അയയ്‌ക്കുന്ന മാധ്യമപ്രവർത്തകരുടെ പേരുകൾ വായിച്ചാൽ, അത് എത്ര പക്ഷപാതപരവും സത്യവുമാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഒരു കൂട്ടം യൂട്യൂബർമാരും അതിൽ ഏർപ്പെട്ടിരിക്കുന്നു. മുഴുവൻ മുസ്‌ലിം റിപ്പോർട്ടർമാരും കലാപകാരികളെ രക്ഷിക്കുന്നതിലും നുണകൾ പ്രചരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണ്,’ ത്രിപാഠി പറഞ്ഞു.
ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് ഒരു ടെലിവിഷൻ ജേർണലിസ്റ്റായിരുന്ന ത്രിപാഠി തൻ്റെ പോസ്റ്റിനൊപ്പം, 13 പത്രപ്രവർത്തകരുടെ പേരുകളും അവർ ബന്ധപ്പെട്ടിരിക്കുന്ന മീഡിയയും ഉൾപ്പെടുന്ന ഒരു ലിസ്റ്റ് പുറത്ത് വിട്ടു. എൻ.ഡി.ടി.വി, പി.ടി.ഐ, ഇന്ത്യ ടിവി, എ.എൻ.ഐ, ന്യൂസ് 24, ഭാസ്കർ ടിവി, ഭാരത് സമാചാർ എന്നിവയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ പട്ടികയിൽ ഉൾപ്പെടുന്നു.
ഹിന്ദു സമുദായത്തിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകർ ജില്ലയിൽ നിന്നുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ത്രിപാഠി തൻ്റെ പോസ്റ്റിൽ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ പേര് മാത്രമാണ് നൽകിയത്.
സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രാദേശിക മുസ്‌ലിങ്ങൾ അവരുടെ വസതിക്ക് പുറത്ത് നടന്ന ഘോഷയാത്രയിൽ ഉച്ചത്തിലുള്ള സംഗീതം വെച്ചതിനെ എതിർത്തതോടെയാണ് വർഗീയ കലാപം ആരംഭിച്ചത്.