ലോക്സഭാ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെ ബി.ജെ.പി നേതാവും യശ്വന്ത്പൂര്‍ എം.എല്‍.എയുമായ എസ്.ടി സോമശേഖര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. സോമശേഖര്‍ കഴിഞ്ഞ ദിവസം കര്‍ണാടക ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി.
യശ്വന്ത്പുര കൂടി ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് സോമശേഖര്‍.
ഇവിടെ സിറ്റിങ് എം.പിയായ ഡി.വി സദാനന്ദ ഗൗഡയെ മത്സരിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എതിര്‍പ്പ് തള്ളി സി.ടി രവിയെ മത്സരിപ്പിക്കുകയാണെങ്കില്‍ മകന്‍ നിശാന്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇറക്കാനാണ് സോമശേഖറിന്റെ നീക്കം.
പല ബി.ജെ.പി എം.എല്‍.എമാരും ഇരുട്ടിന്റെ മറവിലാണ് ശിവകുമാറിനെ കാണുന്നത്. എന്നാല്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും മാധ്യമങ്ങളുടെ വെളിച്ചത്തിലാണ് താന്‍ എത്തിയതെന്നും സോമശേഖര്‍ പറഞ്ഞു.
കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും സോമശേഖര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ മന്ത്രികൂടിയായ ശിവറാം ഹെബ്ബാറിനൊപ്പമായിരുന്നു അദ്ദേഹം എത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര കന്നഡയില്‍നിന്ന് മത്സരിക്കാന്‍ ഹെബ്ബാര്‍ ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. നേരത്തെ ശിവകുമാറിന്റെ സ്വകാര്യ വിരുന്നില്‍ പങ്കെടുത്തതിന് ഇരു നേതാക്കളോടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര വിശദീകരണം തേടിയിരുന്നു.