ഉത്തര കന്നട ജില്ലയിലെ യെല്ലപ്പൂര്‍ മണ്ഡലം ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയും എ. ശിവറാം ഹെബ്ബാറിന്റെ മകന്‍ വിവേക് ഹെബ്ബാര്‍ വ്യാഴാഴ്ച സഹപ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ഫെബ്രുവരി 27ന് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ശിവറാം ഹെബ്ബാര്‍ വിട്ടു നിന്നിരുന്നു. വിപ്പ് ലംഘിച്ചതിന് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയതിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹാജരായില്ല എന്ന മറുപടിയും നല്‍കി. ഇദ്ദേഹം കോണ്‍ഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മകന്‍ ചേര്‍ന്നത്. എച്ച്.ഡി. കുമാര സ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് -ജെഡി-എസ് സഖ്യ സര്‍ക്കാര്‍ 2019 ജൂലൈയില്‍ മറിച്ചിടാന്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ രാജിവെച്ച 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാളാണ് ശിവറാം ഹെബ്ബാര്‍.
ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വീണ്ടും എം.എല്‍.എയാവുകയും ബി.ജെ.പി സര്‍ക്കാറില്‍ മന്ത്രിയാവുകയും ചെയ്തു. ഈയിടെ ഇദ്ദേഹം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.