X

യോഗിയുടെ ഭരണത്തിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ബി.ജെ.പി എം.എല്‍.എ

യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ. ലോണി എം.എല്‍.എ നന്ദ് കിഷോറാണ് ഗുജറാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

നമ്മുടെ സര്‍ക്കാറിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെയാണ് കശാപ്പ് ചെയ്യുന്നത്. പശുക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലായിടത്തും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എമാര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. യോഗി ആദിത്യനാഥിന്റെ അനുവാദത്തോടെയാണോ ഇതെല്ലാം നടക്കുന്നതെന്നും ചിലര്‍ക്ക് സംശയമുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോയും എം.എല്‍.എ പങ്കുവെച്ചിട്ടുണ്ട്.

അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ ബി.ജെ.പിക്ക് 403 സീറ്റുകളില്‍ 375 എണ്ണത്തില്‍ വിജയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എം.എല്‍.എയുടെ വിഡിയോക്കെതിരെ വിമര്‍ശനവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പിക്കുള്ളിലെ പോരാട്ടം മൂലം പൊതുജനക്ഷേമം അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ വിഹിതം പറ്റുന്നതിന് വേണ്ടിയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

webdesk13: