ഗാന്ധി നഗര്‍: മുസ്‌ലിംകള്‍ ഭൂമി വാങ്ങാതിരിക്കാന്‍ തന്റെ മണ്ഡലം ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ടിന് കീഴില്‍ കൊണ്ടുവരണമെന്ന് ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ. സൂറത്തിലെ നിയമസഭാംഗമായ സംഗീത പാട്ടീലാണ് വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസ്താവനയിറക്കിയത്.
ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഭൂമി മുസ്‌ലിംകള്‍ വാങ്ങുന്നത് തടയാനാണ് ഇത്തരമൊരു നിയമം അടിച്ചേല്‍പ്പിക്കുന്നതെന്നും ഈ നിയമം ലിമ്പായത്ത് മേഖലയില്‍ നടപ്പാക്കുന്നതിന് കലക്ടര്‍ക്ക് കത്തയച്ചതായും സംഗീത വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് നിരവധി ഹിന്ദുക്കള്‍ തന്നെ വന്നു കണ്ടുവെന്നും ഈ സാഹചര്യത്തിലാണ് കത്ത് അയച്ചതെന്നും സംഗീത പറഞ്ഞു. 1991 ല്‍ കൊണ്ടുവന്നതാണ് ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ആക്ട്. ഇത് പ്രകാരം ഒരു മത വിഭാഗത്തിലെ വ്യക്തിക്ക് മറ്റൊരു മത വിഭാഗത്തിലെ അംഗത്തിന് ഭൂമി വില്‍ക്കാനോ വാങ്ങാനോ കടുത്ത നിയന്ത്രണമുണ്ടാകും. ഇടപാട് നടത്തണമെങ്കില്‍ കലക്ടറുടെ പ്രത്യേക അനുമതിയും വേണം.
ഹിന്ദുക്കളുടെ ഭൂമി മുസ്‌ലിംകള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് സംഗീതയുടെ വാദം. ലിമ്പായത്ത് ഒരുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലയായിരുന്നെന്നും എന്നാലിപ്പോള്‍ ഗോവിന്ദ് നഗര്‍, ഭാരതി നഗര്‍, മന്ദന്‍പുര, ഭാവന പാര്‍ക്ക് തുടങ്ങിയ മേഖലകളില്‍ മുസ്‌ലിംകള്‍ക്കാണ് കൂടുതല്‍ സ്വാധീനമെന്നും സംഗീത പറയുന്നു. ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും സൂറത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാനും ബി.ജെ.പി. വര്‍ഗീയ തന്ത്രം പയറ്റുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.