ചണ്ഡീഗഢ്: കര്‍ഷകര്‍ക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ രംഗത്ത്. അംബാല നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അസീം ഗോയലാണ് ഹരിയാന നിയമസഭക്കു പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. തന്റെ പ്രതിഷേധം സര്‍ക്കാരിനെതിരെയല്ലെന്നും ഇടുങ്ങിയ ചിന്താഗതിക്കാരനായ അഡീഷനല്‍ ചീഫ് സെക്രട്ടറി പികെ ദാസിനെതിരെയാണെന്നും എംഎല്‍എ പറഞ്ഞു.
ചണ്ഡീഗഢിലേക്ക് വന്നിരിക്കുന്നത് വിനോദ യാത്രക്കല്ല. മണ്ഡലത്തിലെ അഞ്ചു ലക്ഷം പേരെ പ്രതിനിധീകരിച്ച് എത്തിയതാണ്. കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രി ജനോപകാരപ്രദമായ നയങ്ങള്‍ നടക്കുന്നതിന് ഈ ഉദ്യോഗസ്ഥര്‍ എതിരു നില്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം എംഎല്‍എയുടെ പ്രതിഷേധത്തിനു മറുപടിയായി പികെ ദാസും പ്രതികരിച്ചു. എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണെന്നും എല്ലാം ശരിയായി പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.